സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഫിലിം ചേംബര്‍

0

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഫിലിം ചേംബര്‍. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിനും മുന്‍പ് മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചത്. ബാറുകള്‍ ഉള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ തിയറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം.

 

സിനിമ വ്യവസായം വന്‍ തകര്‍ച്ച നേരിടുമ്പോള്‍ ജിഎസ്ടിക്ക് പുറമെ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതിയും തിയറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണം. കൊവിഡാനന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കണമെന്നും എന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നാണ് കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ നിലപാട്. തിയറ്റര്‍ അടഞ്ഞ് കിടക്കുമ്പോഴും ഉപകരണങ്ങള്‍ പരിപാലിക്കുന്നതിനും തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുമായി നല്ല തുക ഉടമകള്‍ക്ക് ചെലവാകുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇളവുകളുടെ കാര്യം പിന്നീട് പരിഗണിക്കാമെന്ന് കഴിഞ്ഞ മാസം സിനിമാ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. മിനിമം വേതനം നടപ്പാക്കുന്നതിലും കെട്ടിട നികുതിയിലും സാവകാശം തേടുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് അനുവദിച്ച പോലെ പ്രത്യേക പാക്കേജ് എന്ന ആവശ്യവും ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ മുന്നോട്ടു വയ്ക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!