അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇനി രാത്രിയിലും ഇൻക്വസ്റ്റ് നടത്തും. ഡിജിപി അനിൽകാന്ത് ഇതു സംബന്ധിച്ചു നിർദേശം നൽകി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകി സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ ഉത്തരവ്.
അസ്വാഭാവിക മരണങ്ങളിൽ 4 മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി നീക്കം ചെയ്യണം. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ ഏറെ സമയമെടുത്തുള്ള ഇൻക്വസ്റ്റ് ആവശ്യമായാൽ അതു കൃത്യമായി രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുന്നതിലും കാലതാമസമോ തടസ്സമോ പാടില്ല. ഇൻക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള സംവിധാനം, മറ്റു ചെലവുകൾ എന്നിവയ്ക്ക് ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.