ഈ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും. ഏപ്രില്‍ ഒന്നിന് സ്വഭാവികമായി മദ്യ വില്‍പന ശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി ആയതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും മദ്യവില്‍പനശാലകള്‍ അടഞ്ഞുകിടക്കും. ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് ഏഴു മണിയോടെ മദ്യവില്‍പനശാലകള്‍ അടയ്ക്കും. അതിനുശേഷം വോട്ടെടുപ്പിന്റെ പിറ്റേ ദിവസമായിരിക്കും മദ്യ വില്‍പനശാലകള്‍ തുറക്കുക.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യവും അനധികൃത വില്‍പനയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് എക്‌സൈസ് കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്തു സംസ്ഥാന വ്യാപകമായി പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.മാഹി അതിര്‍ത്തിയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക സംഘത്തെ എക്‌സൈസ് നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ രണ്ടു കാറുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തും. രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വയനാട്ടില്‍ ചുരം പെട്രോളിംഗും കര്‍ശനമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ടൂ വീലറുകളില്‍ എക്‌സൈസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പരിധിയില്‍ കൂടുതല്‍ മദ്യം കൈവശം വെക്കുന്നത് തടയാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്‌സൈസ് സംഘത്തിനു പുറമെ തെരഞ്ഞെടുപ്പ് നിരീക്ഷകരും ഇക്കാര്യത്തില്‍ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉള്‍പ്പടെ അമിതമായ അളവില്‍ മദ്യ വാങ്ങി ശേഖരിക്കുന്നത് തടയുമെന്ന് അധികൃതര്‍ അറിയിച്ചു. പരമാവധി മൂന്നു ലിറ്റര്‍ വരെ മദ്യമാണ് ഒരാള്‍ക്ക് നിയമപരമായി കൈയില്‍ സൂക്ഷിക്കാനാകുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ പരിശോധനകളും നിരീക്ഷണവും എക്‌സൈസ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലയളവില്‍ മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ വ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ ജില്ലയില്‍ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് െ്രെഡവ് ഊര്‍ജിതമായി തുടരുന്നുണ്ട്.
ജില്ലയിലെ ചെക്‌പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും ഉള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. െ്രെഡ ഡേകളില്‍ സമാന്തര മദ്യവില്‍പന അനുവദിക്കില്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു