സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു വൈകിട്ടു മുതല്‍ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും. ഇന്നു വൈകിട്ടു 6 മണി മുതല്‍ മറ്റന്നാള്‍ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. ട്രഷറി പോര്‍ട്ടല്‍ വഴിയും മറ്റു സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴിയുമുള്ള ഇടപാടുകളെല്ലാം 3 ദിവസത്തോളം മുടങ്ങുമെന്നതിനാല്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കൂട്ടി ഇടപാടുകള്‍ നടത്തണം.
നാളെയും മറ്റന്നാളും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ഈ ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. പലവട്ടം ശ്രമിച്ചിട്ടും തീര്‍ക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ഈ മാസം ഒന്നിനും രണ്ടിനും അറ്റകുറ്റപ്പണി നടത്തിയിട്ടും തകരാര്‍ പരിഹരിക്കാനായിട്ടില്ല. വസ്തു നികുതിയടക്കം റവന്യു സേവനങ്ങള്‍, ടിഎസ്ബി അടക്കമുള്ള ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍, റജിസ്‌ട്രേഷന്‍ വകുപ്പിലെ ഇടപാടുകള്‍, മോട്ടര്‍ വാഹന വകുപ്പിലെ ഫീസ് അടയ്ക്കല്‍, സ്പാര്‍ക് ബില്‍ , ഹൈക്കോടതി ഇടപാടുകള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഇടപാടുകള്‍ എന്നിവ തടസ്സപ്പെടും.