കയര്‍ മേഖലയുടെ വളര്‍ച്ചയും ഉന്നമനവും; സെമിനാര്‍ സംഘടിപ്പിച്ചു

0

മീനങ്ങാടി: പരമ്പരാഗത കയര്‍ വ്യവസായമായ കയര്‍ മേഖലയുടെ വളര്‍ച്ചയും ഉന്നമനവും ലക്ഷ്യമാക്കിയുള്ള കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ല അവലോകന സെമിനാര്‍ സംഘടിപ്പിച്ചു.  മാഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയിലും, റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായും, മണ്ണ്, ജല സംരക്ഷണത്തിനായും ഭൂവസ്ത്രം ഉപയോഗിച്ചു വരുന്നു.

വെര്‍ച്ച്വല്‍ കയര്‍ കേരളയുടെ ഭാഗമായി കോഴിക്കോട് കയര്‍ പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി ആറ് ലക്ഷത്തി അന്‍പത്തി മൂവ്വായിരത്തി എണ്ണൂറ്റി എഴുപത്തി ഏഴ് സ്‌ക്വയര്‍ മീറ്റര്‍ ഭൂവസ്ത്രം ഉപയോഗിക്കുവാനാണ് ഫെബ്രുവരിയില്‍ ചേര്‍ന്ന സെമിനാറില്‍ തീരുമാനിച്ചത്.

ഇതില്‍ ഒരു ലക്ഷത്തി അറുപത്തി അയ്യായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രമാണ് ഉപയോഗിച്ചത്. ജില്ലയില്‍ പൂതാടി, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളാണ് കൂടുതല്‍ ഭൂവസ്ത്രം ഉപയോഗിച്ചിരിക്കുന്നത്.

അവശേഷിക്കുന്ന നാല് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി എഴുന്നൂറ്റി മുപ്പത്തിരണ്ട് സ്‌ക്വയര്‍ മീറ്റര്‍ ഭൂവസ്ത്രത്തിന്റെ വിനിയോഗം ഉറപ്പുവരുത്തുന്നതിനായാണ് പദ്ധതി അവലോകന സെമിനാറും, കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മീനങ്ങാടിയില്‍ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!