ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി. നിയമത്തിന്റെ സാധുതയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ, രാജ്യദ്രോഹക്കുറ്റം പ്രതിപാദിക്കുന്ന ഐപിസി 124 എ വകുപ്പു പ്രകാരം കേസെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലെ കേസുകളിലെ തുടര്‍ നടപടിയും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ വകുപ്പു പ്രകാരം സംസ്ഥാനങ്ങളോ കേന്ദ്രമോ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. നിയമത്തില്‍ പുനപ്പരിശോധന പൂര്‍ത്തിയാവുന്നതു വരെ നിലവിലെ കേസുകളില്‍ തുടര്‍ നടപടികളും അരുത്. രാജ്യദ്രോഹ നിയമപ്രകാരമുള്ള കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം- സുപ്രീം കോടതി വ്യക്തമാക്കി.
കൊളോണിയല്‍ കാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. നിയമം പുനപ്പരിശോധിക്കുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഉചിത ഫോറത്തില്‍ നിയമം പുനപ്പരിശോധിക്കണമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
പുനപ്പരിശോധന വരെ പുതിയ കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനോട് കേ്ന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നു രാവിലെ കോടതിയെ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.