കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി

0

ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.

സമരം ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സമരത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ജനം വലഞ്ഞു.

സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത് യാത്രാ പ്രതിസന്ധി രൂക്ഷമാകും. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്. മൂന്ന് ഡിപ്പോകളില്‍ നിന്നുമായി രണ്ട് സര്‍വീസുകള്‍ മത്രമേ നടത്താനായുള്ളു. സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നീ ഡിപ്പോകളില്‍ നിന്നും സര്‍വീസുകളൊന്നും നടത്തിയില്ല. ആവശ്യങ്ങളിന്‍മേല്‍ അനുകൂല നിലപാട് ഉണ്ടായില്ലങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് റ്റിഡിഎഫ്, കെഎസ്ടിഎസ് ബിഎംഎസ് നേതാക്കള്‍ പറയുന്നത്. പണിമുടക്കിയ തൊഴിലാളി സംഘടനകള്‍ ഡിപ്പോയില്‍ പ്രകടനവും നടത്തി. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരും വലഞ്ഞു. ഏറെ ബുദ്ധിമുട്ടിയത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മാത്രം നടത്തുന്ന റൂട്ടുകളിലെ യാത്രക്കാരാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!