കല്‍പ്പറ്റ എടഗുനി പണിയ കോളനിയിലെ സെപ്റ്റിക് ടാങ്ക് മാലിന്യ പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. ദുര്‍ഗന്ധവും കൊതുക് ശല്യവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് 15 ഓളം കുടുംബങ്ങള്‍. പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ടാങ്കുകളില്‍ ഒന്നില്‍ നിര്‍മ്മിച്ച കാലം മുതലേ മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്‌നമുള്ളത്. നിലവില്‍ ഈ സെപ്റ്റിക് ടാങ്കിനു ചുറ്റും പായല്‍ മൂടി മലിനജലം തളംകെട്ടി കിടക്കുകയാണ്.
എടഗുനി എസ് ടി കോളനിയിലെ സെപ്റ്റിക് ടാങ്ക് മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച കല്‍പ്പറ്റ നഗരസഭ കൗണ്‍സിലില്‍ വലിയ വാക്കേറ്റങ്ങള്‍ നടന്നിട്ടും ഇന്നും മാലിന്യ പ്രശ്‌നത്തിന് യാതൊരു പരിഹാരവുമില്ല. 11 വീടുകളിലായി 15 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഈ വീടുകളിലേക്ക് പൊതുവായി മൂന്ന് സെപ്റ്റിക് ടാങ്കുകളാണുള്ളത്. ഇതില്‍ ഒരു ടാങ്കിലാണ് നിര്‍മ്മിച്ച കാലം മുതലേ മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്‌നമുള്ളത്. നിലവില്‍ ഈ സെപ്റ്റിക് ടാങ്കിനു ചുറ്റും പായല്‍ മൂടി മലിനജലം തളംകെട്ടി കിടക്കുകയാണ്. ഇതോടെ ദുര്‍ഗന്ധവും കൊതുക് ശല്യം രൂക്ഷമായി. ഒരു മഴ പെയ്താല്‍ തന്നെ സെപ്റ്റിക് ടാങ്കിലെ മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം എല്ലായിടത്തുമെത്തും. മഴക്കാലത്ത് സ്ഥിരമായി വെള്ളംകയറി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവര്‍ താമസം മാറ്റും. രണ്ടാഴ്ച മുമ്പേ ടാങ്കില്‍ നിന്നും മാലിന്യം എടുത്തുമാറ്റിയെന്ന് താമസക്കാര്‍ പറയുന്നത്. എന്നാല്‍ മാറ്റമൊന്നുമില്ല. ഇപ്പോഴും മലിനജലം ഇവിടെ കെട്ടിക്കിടക്കുകയാണ്.മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച കല്‍പ്പറ്റ നഗരസഭ കൗണ്‍സിലില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാഷ്ട്രീയം കളിച്ചുവെന്ന് ആരോപിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാലിന്യപ്രശ്‌നത്തിന് ഇനിയും നഗരസഭ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കൗണ്‍സിലര്‍ നിജിത സുഭാഷ് പറഞ്ഞു.