സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യത. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. എന്നാൽ ആഴക്കടൽ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.