ഇത് വീടിനകത്തെ അപകടകാരി; പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍….

0

 

പ്രഷര്‍ കുക്കര്‍ അപകടകാരിയാണെന്ന് നമുക്കൊക്കെ അറിയാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ എത്രയെത്ര മരണങ്ങളാണ് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടി ഇങ്ങനെയൊരു സംഭവം വാര്‍ത്തകളില്‍ നമ്മള്‍ കണ്ടതാണ്. നമുക്ക് വളരെ നിസ്സാരമായി ഉപയോഗിക്കാന്‍ പറ്റുമെന്ന് തോന്നുന്ന പ്രഷര്‍ കുക്കറുകള്‍ എങ്ങനെയാണ് അപകടകാരികളാകുന്നത്. പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് സംഭവിച്ച മിക്ക അപകടങ്ങളും അശ്രദ്ധ മൂലമോ അല്ലെങ്കില്‍ പരിചയ കുറവ് കൊണ്ടോ സംഭവിക്കുന്നതാണ്.

പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പാചകത്തിന് മുമ്പ് തന്നെ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ അടയ്ക്കുന്നതിന് മുമ്പ് തന്നെ വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ഇനി മുമ്പ് പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് തുണി ഉപയോഗിച്ചോ ഊതിയോ നീക്കി കളയണം. ഒരു കാരണവശാലും കൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിക്കരുത്. മാത്രവുമല്ല കുക്കറില്‍ നിന്ന് ആവി കൃത്യമായി പുറത്തേക്ക് പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. കൂടാതെ കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുക. ഏത് കമ്പനിയുടെ കുക്കറാണോ അതെ കമ്പനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഓരോ പാചകത്തിന് ശേഷവും കുക്കറിന്റെ വാഷര്‍ എടുത്ത് കഴുകി വൃത്തിയാക്കണം. ഇല്ലാത്ത പക്ഷം കുക്കറിന്റെ വാഷറില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കുടുങ്ങി അവിടെ അണുക്കള്‍ പെരുകുകയും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. മാത്രവുമല്ല പാചകം കഴിഞ്ഞ ശേഷം കുക്കറിന്റെ അടപ്പില്‍ നിന്ന് വെയിറ്റ് എടുത്ത് മാറ്റണം. അല്ലെങ്കില്‍ ആവി അതിനകത്ത് നിറഞ്ഞ് കുക്കര്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

കുക്കറില്‍ നിന്ന് പ്രഷര്‍ കളയാന്‍ എളുപ്പം മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. പക്ഷെ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും അപകടം വിളിച്ചു വരുത്തും. അതുകൊണ്ട് ശ്രദ്ധയോടെ വേണം കുക്കറില്‍ നിന്ന് പ്രഷര്‍ നീക്കം ചെയ്യാന്‍. അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച് പ്രഷര്‍ തനിയെ പോകാന്‍ വെക്കുന്നതാണ് സുരക്ഷിതമായ ഒരു രീതി. രണ്ടാമത്തേത് കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഒഴിക്കുകയാണ് രണ്ടാമത്തെ രീതി. കുക്കറില്‍ നിന്ന് എപ്പോള്‍ പ്രഷര്‍ റീലിസ് ചെയ്യുമ്പോഴും കൈയില്‍ പിടിച്ച് ചെയ്യാതിരിക്കുക. മുഖത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ദൂരേക്ക് പിടിച്ച് വേണം ചെയ്യാന്‍.

Leave A Reply

Your email address will not be published.

error: Content is protected !!