സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.വെള്ളിയാഴ്ച്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി. മഴയില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങളുണ്ടായി.