രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ബുധനാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂട്ടുന്നതില്‍ യോഗത്തില്‍ തീരുമാനമെടുക്കും. അതേസമയം, ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 2.12 ഡല്‍ഹിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്‌സിന്‍ ഉപയോഗത്തിന് വിദഗ്ധ സമിതി ഡിസിജിഎ ശുപാര്‍ശ നല്‍കി. നിലവില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിനാണ് പ്രധാനമായി നല്‍കുന്നത്. നേരത്തേ 6 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സീന്‍ നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 44 മരണങ്ങളും സ്ഥിരീകരിച്ചു. 15,873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.