വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – മന്ത്രി വീണ ജോര്‍ജ്ജ്

0

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. മാനന്തവാടി പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് മിനി ഹാളില്‍ ചേര്‍ന്ന വയനാട് മെഡിക്കല്‍ കോളേജ്- കോവിഡ് അവലോകന യോഗങ്ങള്‍ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ വിപുലമായ ചികിത്സാ സൗകര്യം ഒരുക്കുക, പുതിയ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുന്നതിനായി ബോയ്‌സ് ടൗണില്‍ കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് സമ്പൂര്‍ണ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നിവയാണ് സര്‍ക്കാറിനു മുമ്പിലുള്ള ലക്ഷ്യങ്ങള്‍.

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിനായി 636 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി പ്രത്യേക ചുമതല നല്‍കിയ വാപ്‌കോ സമര്‍പ്പിച്ചത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 146 തസ്തികകള്‍ മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 41 ഡോക്ടര്‍മാരുടെ നിയമനം നടത്തുകയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫസര്‍ തസ്തികയില്‍ ഡി.പി.സി ചേര്‍ന്ന് നിയമനം നടത്തുമെന്നും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതു കഴിഞ്ഞ് നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ബോയ് ടൗണില്‍ ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന് വേണ്ട സര്‍ക്കാര്‍ ഉത്തരവ് വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാത്ത് ലാബിന്റെ സിവില്‍ ജോലികള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാകും. ആവശ്യമായ കാര്‍ഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയ ശേഷമായിരിക്കും കാത്ത് ലാബിലേക്ക് നിയമിക്കുക. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അടിയന്തിരമായി ആരംഭിക്കുകയും ന്യൂറോളജി വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളിലും വാക്‌സിനേഷന്‍ രംഗത്തെ മികച്ച നേട്ടത്തിലും മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ കോവിഡ് രോഗ വ്യാപനം തുടരുന്നത്. ആദിവാസി കോളനികളില്‍ പ്രത്യേക പരിഗണന നല്‍കി വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, കോളനിയിലുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 71 ശതമാനമാണ് ജില്ലയില്‍ പൂര്‍ത്തിയായത്. വാക്‌സിനേഷനോട് വിമുഖത കാണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അവലോകന യോഗങ്ങളില്‍ ഒ.ആര്‍. കേളു എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാ കലക്ടര്‍ എ. ഗീത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബി, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍, ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ മുബാറക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ്കുമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!