വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും: ധനമന്ത്രി

0

വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇന്ന് പ്രധാനമായുമുള്ളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള നടപടികൾ കൈക്കൊള്ളും.

കോവിഡിനു ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. ജി.എസ്.ടി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണുള്ളത്. ഇതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാർ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

”കൂട്ടിയവർ കുറയ്ക്കട്ടെ” എന്ന സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിച്ച നടപടി. ജനങ്ങളുടെ എതിർപ്പുകൾ കേന്ദ്ര സർക്കാർ മനസ്സിലാക്കി ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!