വൈത്തിരി പഞ്ചായത്തില്‍ ലക്കിടിക്ക് സമീപം പട്ടികവര്‍ഗ വികസന, ടൂറിസം വകുപ്പുകള്‍ സംയുക്തമായി ‘എന്‍ ഊര്’ എന്ന പേരില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമ ടൂറിസം പദ്ധതി ഉദ്ഘാടനം അനിശ്ചിതത്വത്തില്‍. ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം തടയുന്നതിനു വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച പ്രത്യേക അനുവാദ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സാഹചര്യത്തിലാണിത്.പദ്ധതി പ്രവര്‍ത്തനം തടയാതിരിക്കുന്നതിന് കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിന്റെ കൈവശമുള്ള ലക്കിടിയിലെ 25 ഏക്കറിലാണ് എന്‍ ഊര് ടൂറിസം പദ്ധതി.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, വനം-വന്യജീവി വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, പട്ടികവര്‍ഗ വികസന സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വയനാട് ജില്ലാ കലക്ടര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ, എന്‍ ഊര് സൊസൈറ്റി പ്രസിഡന്റുമായ മാനന്തവാടി സബ് കലക്ടര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. അഡ്വ.പി.കെ.മനോഹരന്‍ മുഖേനയാണ് പ്രകൃതി സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.
ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സംരക്ഷണം, പരിപോഷണം, പ്രചാരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദേശികളടക്കം സഞ്ചാരികളെ ആകര്‍ഷിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഗോത്ര വിഭാഗങ്ങളുടെ കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഭക്ഷണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനവും പദ്ധതിയുടെ ഭാഗമാണ്. 10 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനത്തിനു തീയതി കുറിക്കാനിരിക്കെയാണ് കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ചത്.
ഡി ഡിസര്‍വ് ചെയ്യാത്തതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വനഭൂമിയില്‍ ആദിവാസികളെ മറയാക്കി നിയമവിരുദ്ധമായാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്നു ആരോപിച്ചായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി.
ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഡയറി പ്രൊജക്ടിനായി കുന്നത്തിടവക വില്ലേജില്‍ റിസര്‍വേ നമ്പര്‍ 172ല്‍പ്പെട്ട 531.1675 ഹെക്ടര്‍ വനഭൂമി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1978ല്‍ കേരള സര്‍ക്കാരിനു കൈമാറിയിരുന്നു. ലക്ഷ്യംകാണാതെ ഉപേക്ഷിച്ച ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതില്‍ 100 ഹെക്ടര്‍ റവന്യൂ വകുപ്പ് മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ സഹകരണ സംഘത്തിനു വിട്ടുകൊടുത്തു. ഈ ഭൂമിയുടെ ഭാഗം എന്‍ ഊര് ടൂറിസം പദ്ധതിക്കു ഉപയോഗപ്പെടുത്തുന്നതു നിയമവിരുദ്ധമാണെന്നാണ് പ്രകൃതി സംരക്ഷണ സമിതിയുടെ പക്ഷം. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു വിട്ടുകൊടുത്ത 100 ഏക്കര്‍ ഭൂമിയും പൂക്കോട് ഡയറി പ്രൊജക്ടില്‍ ഉള്‍പ്പെട്ടതാണ്.
ഡി ഡിസര്‍വ് ചെയ്യാത്ത വനഭൂമിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് 1980ലെ വന സംരക്ഷണ നിയമത്തിലെ സെക്ഷന്‍ രണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടാതെയാണ് എന്‍ ഊരു പദ്ധതിക്കായി നിര്‍മാണങ്ങള്‍ നടത്തിയതെന്നു സമിതിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആദിവാസികളുടെ ഉപജീവനത്തിനും ഉന്നമനത്തിനും ഉതകാത്ത ടൂറിസം പദ്ധതി പരിസ്ഥിതിക്കു കനത്ത ആഘാതം ഏല്‍പ്പിക്കുകയും സാമൂഹിക വിപത്തുകള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. പുല്‍മേടുകളും ചോലക്കാടും ഉള്‍പ്പെടുന്നതാണ് ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമി.
സമുദ്രനിരപ്പില്‍നിന്നു ഏകദേശം 1,100 അടി ഉയരത്തിലാണിത്. പശ്ചിമഘട്ട സംക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍,കസ്തുരി രംഗന്‍ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ദുര്‍ബലമായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. കബനി നദിയുടെ ഉദ്ഭവസ്ഥാനമാണ് പദ്ധതി നടപ്പിലാക്കുന്ന പ്രദേശം. കേന്ദ്ര സര്‍ക്കാര്‍ പൂക്കോട് ഭൂമി വിട്ടുകൊടുത്തത് ആദിവാസി പുനരധിവാസത്തിനാണ്, ആദിവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനല്ല. ആദിവാസി ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഇതിനകം ജില്ലയില്‍ നടപ്പിലാക്കികയ പദ്ധതികളില്‍ പലതും തകര്‍ന്നടിയുകയാണുണ്ടായത്. ആര്‍ക്കൊക്കെയോ കുംഭകോണം നടത്തുന്നതിനുള്ള തട്ടിപ്പുപദ്ധതിയാണ് എന്‍ ഊര് എന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
മാനന്തവാടി സബ്കലക്ടറായിരുന്ന എന്‍.പ്രശാന്ത് 2012ല്‍ മുന്നോട്ടുവെച്ചതാണ് എന്‍ ഊര് പദ്ധതി. നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികളുടെ ഒന്നാം ഘട്ടം 2018ല്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കഫ്റ്റീരിയ, വെയര്‍ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയാണ് പ്രഥമ ഘട്ടത്തില്‍ പണിതത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഓപന്‍ എയര്‍ തിയറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെരിറ്റേജ് വാക്ക്വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക്ഷോപ്പ് തുടങ്ങിയവയാണ് രണ്ടം ഘട്ടത്തില്‍ നിര്‍മിച്ചത്.