മൃഗാശുപത്രി കടലാസ് രഹിത ഡിജിറ്റല്‍ ഒ.പി. സംവിധാനത്തിലേക്ക്

0

മൃഗാശുപത്രിയിലെ ഒ.പി, വൈദ്യപരിശോധന, മരുന്നു വിതരണം തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കടലാസു രഹിത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയിലെത്തുന്ന കര്‍ഷകന്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി ഒ പി രജിസ്‌ട്രേഷന്‍ നടത്താവുന്ന വിധത്തിലാണ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രതിദിനം ഒ പി കൂടുതലുള്ളതും ഗ്രാമ പഞ്ചായത്തിന്റെ മരുന്നു വാങ്ങല്‍ വിതരണ പ്രക്രിയ കാര്യക്ഷമവുമായ മൃഗാശുപത്രികള്‍ക്ക് കൃത്യമായ വിനിയോഗം രേഖപ്പെടുത്തുന്നതിന് ഈ ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ അനുയോജ്യമാണ്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 6500 ഓളം വരുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും അത്രതന്നെ വരുന്ന ഓമന മൃഗങ്ങള്‍ക്കും ചികിത്സയും അനുബന്ധ സേവനങ്ങളും സമയബന്ധിതമായി നല്‍കാന്‍ 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ നൂതന പദ്ധതിയാണ് ഡിജിറ്റല്‍ ആന്‍ഡ് പേപ്പര്‍ലെസ് ഒപി. മൃഗസംരക്ഷണ വകുപ്പില്‍ ആദ്യമായി പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ ആണ് ഈ സംവിധാനം ഒരുക്കുന്നത്. ഏതു ജീവനക്കാരനും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധം ലളിതവും ഒ.പി റജിസ്‌ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫാര്‍മസി തുടങ്ങിയവ ഓഫ് ലൈനില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡാറ്റ സുരക്ഷിതവുമാണ്. 2021 ഏപ്രില്‍ 1 മുതല്‍ ഈ സംവിധാനം പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ സമയോചിതമായി പരിഷ്‌കരിച്ചു കൊണ്ട് വിജയകരമായി നടപ്പിലാക്കിവരുന്നു. മൃഗസംരക്ഷണ വകുപ്പ് അനുശാസിക്കുന്ന എല്ലാവിധ റിപ്പോര്‍ട്ടുകളും – പ്രതിമാസ ചികിത്സ റിപ്പോര്‍ട്ട്,ഔട്ട് പേഷ്യന്റ് രജിസ്റ്റര്‍, ഒ പി ടിക്കറ്റ്, മരുന്നുകളുടെ കൈപ്പറ്റ് -വിതരണ- നീക്കിയിരിപ്പ് വിവരങ്ങള്‍, വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തുടങ്ങിയവ തയ്യാറാക്കാനും പകര്‍പ്പെടുത്ത് സൂക്ഷിച്ചുവെക്കാനും ഇതിലൂടെ കഴിയും. മൃഗചികിത്സ മരുന്നുകള്‍ വാങ്ങുന്നതിന് ജനകീയാസൂത്രണ പദ്ധതിയുടെ ചരിത്രത്തില്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയ ഗ്രാമപഞ്ചായത്താണ് പുല്‍പ്പള്ളി. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്കു ലഭിക്കേണ്ട സേവനം സുതാര്യവും കൃത്യവുമായ രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും . പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്.ദിലീപ് കുമാര്‍ ,ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബേബി. കെ.കെ പദ്ധതി വിശദീകരണവും നടത്തും. ജില്ല ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകൂ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ടി കരുണാകരന്‍, ജോളി നരിതൂക്കില്‍, വെറ്റിനറി സര്‍ജന്‍ ഡോ: കെഎസ് പ്രമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!