കാര്‍ബണ്‍ ന്യൂട്രല്‍ തോട്ടങ്ങളില്‍ വളരുന്ന കാപ്പിയെക്കുറിച്ച് പഠിക്കാന്‍ ജില്ലയിലെത്തിയ നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘം പര്യാടനം പൂര്‍ത്തിയാക്കി മടങ്ങി. ഭൗമ സൂചിക പദവി കിട്ടിയ വയനാടന്‍ കാപ്പിക്ക് രാജ്യാന്തര വിപണി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നെതര്‍ലന്‍സ് വിദഗ്ധ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.നിലവില്‍ മറ്റു വാഗ്ദാനങ്ങളൊന്നുമില്ലെങ്കിലും വയനാടന്‍ കാപ്പിയുടെ യൂറോപ്പിലെ വിപണി ഉയര്‍ത്താനും കര്‍ഷകരുടെ വരുമാനവര്‍ധനയ്ക്കും സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കാപ്പിത്തോട്ടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന നെഗറ്റീവ് എമിഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കിയാല്‍ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണു നെതര്‍ലന്‍ഡ്സ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി കൂടുതല്‍ ഗുണമേന്മയുള്ള കാപ്പിയും ഉല്‍പാദിപ്പിക്കാം. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും നെഗറ്റീവ് എമിഷന്‍ സാങ്കേതിക വിദ്യ സഹായിക്കും. കൃഷിവിളകള്‍ക്കൊപ്പം മരങ്ങളും വളര്‍ത്തുന്ന അഗ്രോഫോറസ്ട്രി എന്ന ആശയവും സംഘം കര്‍ഷകരെ പരിചയപ്പെടുത്തി. മുട്ടില്‍, മീനങ്ങാടി പ്രദേശങ്ങള്‍ കാപ്പി കര്‍ഷകരുമായി സംഘം സംവദിക്കുകയും, കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ബ്രഹ്‌മഗിരി കാപ്പി സംസ്‌കരണ യൂണിറ്റ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴിലുള്ള കാപ്പി സംഭരണ യൂണിറ്റ്, ഇഞ്ചി, കുരുമുളക് സംസ്‌കരണ യൂണിറ്റ് എന്നിവയും പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലും, മീനങ്ങാടി പുണ്യ വനം പദ്ധതി പ്രദേശവും സംഘം സന്ദര്‍ശിച്ചു. നെതര്‍ലന്‍ഡ്സിലെ ടിയു ഡെല്‍ഫ്റ്റ് ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, എനര്‍ജി ആന്‍ഡ് സസ്റ്റൈനബിലിറ്റി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്രോണിംഗന്‍ സര്‍വകലാശാല, റാബോ ബാങ്ക് ഓഫ് നെതര്‍ലന്‍ഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണു വിദഗ്ധ സംഘത്തിലുള്ളത്. കൃഷി സംരംഭകരുടെ കൂട്ടായ്മയായ എംവിഒ നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള കാപ്പി വിദഗ്ധരും വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്നും മടങ്ങിയ സംഘം അടുത്തദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ് എന്നിവരെ കാണാനും പദ്ധതിയുണ്ടെന്നു സംഘാംഗമായ നെതര്‍ലന്‍ഡ്സ് ഗ്രോണിംഗന്‍ സര്‍വകലാശാലയിലെ പ്രഫ. പി.വി. അരവിന്ദ് പറഞ്ഞു.