കാര്‍ബണ്‍ ന്യൂട്രല്‍ തോട്ടങ്ങളിലെ കാപ്പി പഠിക്കാന്‍ നെതര്‍ലാന്‍സ് സംഘമെത്തി

0

 

കാര്‍ബണ്‍ ന്യൂട്രല്‍ തോട്ടങ്ങളില്‍ വളരുന്ന കാപ്പിയെ കുറിച്ച് പഠിക്കാന്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘം ജിലയില്‍ പരിശോധന തുടങ്ങി.കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വിജയകരമായി നടപ്പാക്കുന്ന മീനങ്ങാടി പഞ്ചായത്തിലെ കാപ്പി കര്‍ഷകരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയരുന്നു.കാപ്പിക്കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായ പഠനവും ഗവേഷണവുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.കാപ്പിയില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കിയും കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി ബ്രാന്‍ഡിങ് വഴിയും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും അവരുടെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു കൂടുതല്‍ വിപുലമായ തോതില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി വിപണിയിലെത്തിക്കാന്‍ സഹായിക്കുകയും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.

ഭൗമ സൂചിക പദവി കിട്ടിയ വയനാടന്‍ കാപ്പിക്ക് രാജ്യാന്തര വിപണി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് വിദഗ്ധ സംഘം ജില്ലയില്‍ പര്യടനം.വയനാട്ടില്‍ പ്രാദേശിക അടിസ്ഥാനത്തിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പിലാക്കുന്നത്. അതു കൂടുതല്‍ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാകണം. കാപ്പിത്തോട്ടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന നെഗറ്റീവ് എമിഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കിയാല്‍ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണു നെതര്‍ലന്‍ഡ്‌സ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി കൂടുതല്‍ ഗുണമേന്മയുള്ള കാപ്പിയും ഉല്‍പാദിപ്പിക്കാം. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും നെഗറ്റീവ് എമിഷന്‍ സാങ്കേതിക വിദ്യ സഹായിക്കും. കൃഷിവിളകള്‍ക്കൊപ്പം മരങ്ങളും വളര്‍ത്തുന്ന അഗ്രോഫോറസ്ട്രി എന്ന ആശയവും സംഘം കര്‍ഷകരെ പരിചയപ്പെടുത്തുന്നുണ്ട്.

ഇതുവഴി മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാനും രാസവളങ്ങളുടെ ഉപയോഗവും കൃഷിച്ചെലവും ഗണ്യമായി കുറയ്ക്കാനുമാകുമെന്നു പഠനങ്ങളുണ്ട്. കാപ്പിത്തോട്ടങ്ങളില്‍ പ്ലാവ് വളര്‍ത്തുന്നതിലൂടെ വരുമാനം ഇരട്ടിയാക്കാനാകും. മീനങ്ങാടി പഞ്ചായത്തില്‍ നടപ്പിലാക്കിയ ട്രീ ബാങ്കിങ് പദ്ധതി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയോടൊപ്പം തന്നെ ബ്ലോക്കിലെ മറ്റു തദ്ദേശസ്ഥാപനത്തിലും നടപ്പിലാക്കുമെന്നും ഇതിനുള്ള പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ നെതര്‍ലന്‍ഡ്‌സ് വിദഗ്ധരുമായി നടത്തിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പറഞ്ഞു.

കാര്‍ബണ്‍ ന്യൂട്രലിലൂടെ സാമ്പത്തികനേട്ടം

കാര്‍ബണ്‍ ന്യൂട്രല്‍ തോട്ടങ്ങളില്‍ വളരുന്ന കാപ്പിക്കു യൂറോപ്യന്‍ വിപണിയില്‍ പ്രിയമേറെയാണ്. വയനാടന്‍ റോബസ്റ്റ കാപ്പിക്കു ഗുണമേന്മയേറെയാണെങ്കിലും ജനപ്രീതിയാര്‍ജിക്കാനായിട്ടില്ല. ഈ പരിമിതി മറികടക്കാനുള്ള വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ലക്ഷ്യമാണ്. നെതര്‍ലന്‍ഡ്‌സിലെ ടിയു ഡെല്‍ഫ്റ്റ് ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, എനര്‍ജി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്രോണിംഗന്‍ സര്‍വകലാശാല, റാബോ ബാങ്ക് ഓഫ് നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണു വിദഗ്ധ സംഘത്തിലുള്ളത്. കൃഷി സംരംഭകരുടെ കൂട്ടായ്മയായ എംവിഒ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള കാപ്പി വിദഗ്ധരും വയനാട്ടിലെത്തിയിട്ടുണ്ട്.

മീനങ്ങാടിയിലെ പുണ്യവനം പദ്ധതി വിദഗ്ധസംഘം സന്ദര്‍ശിച്ചു. ഇന്നും വയനാട്ടില്‍ തുടരും. വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ് എന്നിവരെ കാണാനും പദ്ധതിയുണ്ടെന്നു സംഘാംഗമായ നെതര്‍ലന്‍ഡ്‌സ് ഗ്രോണിംഗന്‍ സര്‍വകലാശാലയിലെ പ്രഫ. പി.വി. അരവിന്ദ് പറഞ്ഞു. കാപ്പിത്തോട്ടത്തില്‍ മരങ്ങള്‍ നട്ടാല്‍ ഉല്‍പാദനം കുറയുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി കൊണ്ട് അര്‍ഥമില്ലെന്നും പ്രഫ. അരവിന്ദ് പറയുന്നു.

ഇന്ത്യയില്‍ വയനാട് രണ്ടാമത്

കര്‍ണാടക കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണു വയനാട്. പതിറ്റാണ്ടുകളായി റോബസ്റ്റ ഇനമാണ് ജില്ലയില്‍ കൃഷി ചെയ്യുന്നത്. കര്‍ണാടകയിലെ കൂര്‍ഗ് അറബിക്ക കാപ്പി, ചിക്കമഗളൂരു അറബിക്ക കാപ്പി, വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക കാപ്പി എന്നിവയ്ക്കും വയനാടിനൊപ്പം ഭൗമസൂചികാ പദവി നല്‍കിയിട്ടുണ്ട്. തണല്‍മരങ്ങള്‍ക്കിടയിലെ കൃഷി, റോബസ്റ്റ മാത്രം ഉല്‍പാദിപ്പിക്കുന്ന പരമ്പരാഗത രീതി തുടങ്ങിയവ കണക്കിലെടുത്താണു വയനാടന്‍ കാപ്പിക്കു ഭൗമസൂചികാ പദവി ലഭിച്ചത്. സവിശേഷ കാലാവസ്ഥയും ഉല്‍പന്നത്തിന്റെ ഗുണമേന്മയും സഹായകമായി.

കപ്പിനു പുറത്ത് മിക്ക കര്‍ഷകരും

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കാപ്പി സംഭരണത്തിന്റെ ഗുണം ജില്ലയിലെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിക്കില്ല. വയനാട്ടിലെ മൊത്തം ഉല്‍പാദനത്തിന്റെ 0.4% കാപ്പി മാത്രമാണു നിലവിലെ അറിയിപ്പ് പ്രകാരം കൃഷി വകുപ്പ് സംഭരിക്കുക. ഒരു കര്‍ഷകനില്‍ നിന്ന് 250 കിലോ വീതം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും 17.5 ടണ്‍ വീതമാണ് കാപ്പി സംഭരിക്കുക. അതായത് ഒരു പഞ്ചായത്തില്‍ നിന്നോ നഗരസഭയില്‍ നിന്നോ 70 കര്‍ഷകരില്‍ നിന്ന് സംഭരിക്കുമ്പോഴേയ്ക്കും സംഭരണ ലക്ഷ്യം തികയും.

കര്‍ഷകര്‍ സംഭരണ കേന്ദ്രങ്ങളില്‍ കാപ്പി എത്തിക്കുമ്പോള്‍ വാഹന വാടക അടക്കം കിലോയ്ക്ക് 4 രൂപയെങ്കിലും ചെലവാകും. കൂടാതെ സമയനഷ്ടവും ഉണ്ടാവും. 50,000 കര്‍ഷകര്‍ 1.30 ലക്ഷം ഏക്കറില്‍ കാപ്പി കൃഷി ചെയ്യുന്ന ജില്ലയില്‍, മാനദണ്ഡ പ്രകാരം 1820 കര്‍ഷകരുടെ കാപ്പി മാത്രമേ ഏജന്‍സികള്‍ വഴി സംഭരിക്കാനാകൂ. രോഗബാധ ഇല്ലാത്തതും ജലാംശം 11% മാത്രമുള്ളതുമായ കാപ്പി മാത്രമേ സംഭരിക്കൂ. പൊതു വിപണിയില്‍ വില്‍പന നടത്തുന്ന കാപ്പിക്ക് ജലാംശം 13% വരെ സ്വീകാര്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!