പുതിയ സാമ്പത്തിക വര്‍ഷം;ചെലവ് വര്‍ധിക്കുന്നത് ഏതൊക്കെ മേഖലകളില്‍.

0

ഇന്ന് ഏപ്രില്‍ ഒന്ന്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടൊപ്പം ഇന്ന് മുതല്‍ നമ്മുടെ ജീവിതച്ചിലവും ഏറുകയാണ്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടും. ഭൂമിയുടെ ന്യായവിലയും നികുതി ഭാരവും വര്‍ധിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ വലിയ ജീവിത ചിലവുകളാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ഇത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.നികുതി മാത്രമല്ല, കുടിവെള്ളത്തിന്റെ ചിലവും കൂടുകയാണ്. ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്നസിനും റജിസ്ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനവുണ്ടാകും. പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറോളം ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ പത്തുശതമാനം വര്‍ധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ ബുദ്ധിമുട്ടേറും.അതേസമയം ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ വൈകുന്നതാണ് കാരണം. ഉത്തരവിറങ്ങാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്താമാക്കുന്നത്. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന അനുസരിച്ച് വകുപ്പ് ഫെയര്‍ സ്റ്റേജ് നിശ്ചയിക്കാന്‍ ഒരാഴ്ച എടുക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!