സ്പന്ദനം സമൂഹ വിവാഹ സംഗമം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഈ മാസം 27ന് നടക്കുന്ന സ്പന്ദനം മാനന്തവാടി സമൂഹ വിവാഹമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് ഗോത്രവിഭാഗം ദമ്പതികള്‍ ഉള്‍പ്പെടെ 22 മിഥുനങ്ങളാണ് ഒരേ വേദിയില്‍ പുതുദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നത്.
ഇക്കൂട്ടത്തില്‍ അട്ടപ്പാടിയില്‍ നിന്നുമുള്ള ഇരുള വിഭാഗം വരനും വയനാട്ടിലെ പ്രാക്തന ഗോത്രവിഭാഗമായ പണിയ വധുവുമുണ്ട്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും തമിഴ് നാട്ടിലെ ഗൂഡല്ലൂര്‍ നിന്നുമുള്ള വധൂവരന്‍മാരുണ്ട്. അയല്‍ ജില്ലകളില്‍ നിന്നും വന്ന് വയനാട്ടിലെ ഗോത്രവധുക്കളെ വരണമാല്യം ചാര്‍ത്താനെത്തുന്ന യുവാക്കളുണ്ട്. ജാതി മത വര്‍ഗ്ഗ പരിഗണനകള്‍ക്കപ്പുറം ‘നാമൊരേ മാനവ സമൂഹം’ എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തുകയാണ് സ്പന്ദനം !
മാര്‍ച്ച് 27 ന് മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സമൂഹ വിവാഹ സംഗമം ഒരുക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ തുറകളില്‍പ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുക്കന്ന ചടങ്ങില്‍ സാംസ്‌ക്കാരിക സമ്മേളനവും പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീത വിസ്മയവും വയനാട്ടിലെ ഗോത്ര ജനവിഭാഗങ്ങളുടെ തനത് നൃത്തനൃത്യങ്ങളും അരങ്ങേറും. ഓരോ മിഥുനങ്ങള്‍ക്കും സ്വര്‍ണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും നല്കുന്നതോടൊപ്പം ബന്ധുമിത്രാദികള്‍ക്കായി സ്‌നേഹവിരുനും സ്പന്ദനം ഒരുക്കുന്നുണ്ട്.
സ്പന്ദനം മുഖ്യരക്ഷാധികാരിയും മാനന്തവാടി താന്നിക്കല്‍ സ്വദേശിയുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്തിന്റെ രണ്ടു പുത്രന്മാരുടെ വിവാഹ സല്‍ക്കാരച്ചടങ്ങിനൊപ്പമാണ് സമൂഹ വിവാഹ സംഗമം ഒരുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സ്പന്ദനം പ്രസിഡണ്ട് ഡോ. ഗോകുല്‍ദേവ് , സെക്രട്ടറി ജോണ്‍ പി.സി., സംഘാടക സമിതി ചെയര്‍മാന്‍ ഫാ. വര്‍ഗ്ഗീസ് മറ്റമന , പി.ആര്‍. ഒ കെ..എം. ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.