സുൽത്താൻ ബത്തേരി: മതിയായ രേഖകളില്ലാതെ പച്ചക്കറി വാഹനത്തിൽ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച പണം പിടികൂടി. ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. വാഹന ഡ്രൈവറും കൊടുവള്ളി സ്വദേശികളുമായ ആറ്റകോയ (24) ഇയാളൊടൊപ്പമുണ്ടായിരുന്ന മുസ്തഫ (32) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ പൊൻകുഴിക്ക് സമീപത്തു വെച്ചാണ് പണം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പൊലിസും ചേർന്ന് പണം പിടികൂടിയത്.
മൈസൂരുവിൽ നിന്നും പച്ചക്കറി കൊണ്ടുവന്ന ദോസ്ത് പിക്കപ്പ് വാനിലെ ഡാഷ് ബോർഡിനോട് ചേർന്നുളള രഹസ്യ അറയിൽ നിന്നുമാണ് പണം പിടികൂടിയത്. ഇയാളോടൊപ്പം വാഹനത്തിൽ വരുകയും പിന്നീട് ഗുണ്ടൽപേട്ടിൽ വച്ച് ബസ്സിൽ കയറി സംസ്ഥാനത്തേക്ക് കടക്കുകയും ചെയ്ത മുസ്തഫയെ ബത്തേരി ടൗണിൽവച്ചാണ് പൊലീസ് പിടികൂടിയത്.