നടപടിക്രമങ്ങള്‍ പാലിക്കാതെ പണം സൂക്ഷിച്ചു; എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

0

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന യാത്രക്കാരില്‍നിന്നും പിടികൂടിയ പണം നടപടിക്രമങ്ങള്‍ പാലിക്കാതെ സൂക്ഷിച്ച സംഭവത്തില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അച്ചടക്ക നടപടികളുടെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ജോലി ചെയ്തിരുന്ന പ്രിവന്റീവ് എക്സൈസ് ഓഫീസര്‍ പി.എ. പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ. മന്‍സൂര്‍ അലി, എം.സി. സനൂപ് എന്നിവരെയാണ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് ജില്ലയിലെ വിവിധ എക്‌സൈസ് ഓഫിസുകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ മൈസൂരുവില്‍ നിന്നും വരുകയായിരുന്ന ബസ് യാത്രക്കാരിനില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണം പിടികൂടിയത്. കര്‍ണാടക ആര്‍.ടി.സി. ബസ്സിലെ യാത്രക്കാരനായ ഗുണ്ടല്‍പേട്ട സ്വദേശിയായ യാത്രക്കാരിനില്‍ നിന്നാണ് മതിയായ രേഖകളില്ലാതെ കൈവശവെച്ചിരുന്ന ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഈ പണം വാങ്ങിവെക്കുകയും രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് ശേഷം 2.15-ഓടെ യാത്രക്കാരന്‍ രേഖകളുമായി ചെക്പോസ്റ്റിലെ ഓഫീസിലെത്തിയപ്പോഴാണ് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ പണംവാങ്ങിവെച്ച വിവരം മേലുദ്യോഗസ്ഥര്‍ അറിയുന്നത്. തുടര്‍ന്ന് ചെക്പോസ്റ്റിന്റെ ചാര്‍ജിലുണ്ടായിരുന്ന എക്സൈസ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരെക്കൊണ്ട് പണം എണ്ണിത്തിട്ടപ്പെടുത്തി യാത്രക്കാരന് തിരിച്ചുനല്‍കി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയും ബന്ധപ്പെട്ട രേഖകളില്‍ വിവരം രേഖപ്പെടുത്താതെയും പണം സൂക്ഷിച്ചുവെച്ചതും, മേലധികാരികളെ വിവരമറിയിക്കാത്തതും ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അച്ചടക്ക നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി എക്സൈസ് വകുപ്പിന്റെ അന്തസ്സ് പൊതുജന മധ്യത്തില്‍ കളങ്കപ്പെടുത്തുന്നതാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!