ഭീഷ്മപര്‍വ്വം തനിക്ക് സമ്മാനിച്ചത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളെന്ന് നടന്‍ അബുസലിം.വയനാട് പ്രസ് ക്ലബ് ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വില്ലന്‍ കഥാപാത്രങ്ങളെ പതിറ്റാണ്ടുകളോളം അഭിനയിച്ച് ഫലിപ്പിച്ച തനിക്ക് കോമഡി റോളുകളും വഴങ്ങുമെന്ന് മുന്‍പ് തെളിയിച്ചിരുന്നു. എന്നാല്‍ സെന്റിമെന്റ്സ് റോളുകള്‍ കൂടി അഭിനയിക്കണമെന്ന തന്റെ ഏറെനാളത്തെ ആഗ്രഹമാണ് അമല്‍ നീരദ് ഭീഷ്മപര്‍വത്തിലൂടെ സാധിപ്പിച്ചത്.പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി നിസാം കെ അബ്ദുല്ല, ഫിലിംക്ലബ്ബ് ചെയര്‍മാന്‍ രതീഷ് വാസുദേവന്‍, ഹാഷിം കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഘട്ടംമട്ടമായി അവസരങ്ങള്‍ എന്നെത്തേടി വന്നു. ഒരിക്കലും നിരാശനാകേണ്ടി വന്നിട്ടില്ല. മുന്‍പ് കുടുംബ ചിത്രങ്ങളിലൊന്നും തന്നെമപ്പാലുള്ളവര്‍ക്ക് റോളുകള്‍ ലഭിക്കുമായിരുന്നില്ല. എന്നാല്‍ ക്യാരക്ടര്‍ റോളുകള്‍ അടക്കം തനിക്കും വഴങ്ങുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഭീഷ്മപര്‍വത്തിലെ ശിവന്‍കുട്ടി. സിനമയിലുടനീളമുള്ള തന്റെ കഥാപാത്രം തന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറിയെന്നാണ് വിശ്വാസം. മമ്മൂട്ടിയുമായുള്ള വ്യക്തിപരമായ സൗഹൃദം ഭീഷ്മപര്‍വ്വത്തിലെ ശിവന്‍ക്കുട്ടിയെ മികവുള്ളതാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അബു സലീം പറഞ്ഞു. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. മികച്ച അഭിപ്രായം നേടുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു നിയമ പാലകനെന്ന നിലയിലും സിനിമാതാരമെന്ന നിലയിലും തന്നെ ഏറേ പിന്തുണച്ചവരാണ് എല്ലാവരും. ഭാവിയിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും അബു സലീം വ്യക്തമാക്കി. 74 മുതല്‍ സിനിമാ രംഗത്തുള്ള അബു സലീംമിന്റെ 220 മത് സിനിമയാണ് ഭീഷ്മപര്‍വ്വം.