കള്ളക്കേസെടുത്തെന്ന് പരാതി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

0

വെള്ളമുണ്ട: പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് 3 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വെള്ളമുണ്ട എസ്.എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ് ഐ സുരേന്ദ്രന്‍, ഗ്രേഡ് എഎസ്‌ഐ മുഹമ്മദലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്ത യുവാവിനെ പിടികൂടിയ പോലീസ് പിന്നീട് എന്‍.ഡി.പി .എസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് യുവാവിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും, എസ് പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജി, ഡിഐജി എന്നിവര്‍ അന്വേഷണ വിധേയമായി മൂവരേയും സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

ഫെബ്രുവരി 2നായിരുന്നു ഹെല്‍മറ്റും, മാസ്‌കുമില്ലാതെ വന്ന സാബിത്തിനെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അടുത്ത ദിവസം 500 രൂപ പിഴയടച്ച് പോകാന്‍ പറയുകയും അത് പ്രകാരം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് സാബിത്തിനെ ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്‌റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പണം തിരികെ വാങ്ങി വീട്ടിലെത്തിയ ശേഷമാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എന്‍ഡിപി എസ് കേസാണ് എടുത്തതെന്ന് അറിയുന്നതെന്ന് സാബിദ് പറയുന്നു.

ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും വയനാട് എ എസ് പി സാബിതിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ എന്‍ ഡി പിഎസ് കേസെടുത്തതിനും, അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ് ഐ സുരേന്ദ്രന്‍, എ എസ് ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായരും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതില്‍ അശ്രദ്ധയും, കൃത്യവിലോപവും കാണിച്ചതിന് സ്‌റ്റേഷന്റെ ചുമതലയുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എസ് എം എസ് ഡി വൈ എസ് പി യെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..

Leave A Reply

Your email address will not be published.

error: Content is protected !!