സുല്‍ത്താന്‍ബത്തേരി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിലും തമിഴ്നാട്ടിലുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കീഴ്ശ്ശേരി ആക്കപ്പറമ്പ് മണിതടത്തില്‍ വീട്ടില്‍ അബ്ദുള്‍ മജീദ് (48)നെയാണ് അറസ്റ്റ് ചെയ്തത്. ബത്തേരി സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുള്‍ മജീദ് ഇപ്പോള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
ബത്തേരി സ്വദേശിയില്‍നിന്നും വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2020-ല്‍ രണ്ട് തവണകളായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചു നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറ് മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
വീട് നിര്‍മിച്ചു നല്‍കുന്നതിന് വേണ്ടി ചെറിയൊരു തുക മുന്‍കൂറായി വേണമെന്നും ബാക്കിതുക സ്പോണ്‍സരില്‍നിന്നും കണ്ടെത്തുമെന്നും പറഞ്ഞായിരുന്നു ആളുകളില്‍നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ നേതൃത്വത്തില്‍ മുമ്പ് ചിലര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നതായും വിവരമുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്പോണ്‍സര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനാലാണ് വീട് നിര്‍മിച്ചു നല്‍കാനാവാതെ പോയതെന്നാണ് പ്രതിയുടെ വാദം. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് എസ്.ഐ. പി.ഡി. റോയിച്ചന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.