വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന് പ്രായ പരിധി നിശ്ചയിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രായ പരിധി 17 ആയി പരിമിതപ്പെടുത്തണണെന്ന് ശുപാര്‍ശയുള്ളത്. യാത്രാ ഇളവ് ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കണമെന്നും കമ്മിഷന്റെ റിപ്പോര്‍ട്ട്.വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുകയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.
നിലവില്‍ കണ്‍സഷന്‍ അനുവദിക്കാന്‍ പ്രത്യേക പ്രായപരിധിയില്ല. വിദ്യാര്‍ഥികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചാല്‍ ഇളവ് ലഭിക്കും. ഇതാണ് 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് കമ്മിഷന്‍ പറയുന്നത്. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സഷന്‍ അനുവദിച്ചാല്‍ മതിയെന്ന ശിപാര്‍ശ കൂടി ജസ്റ്റിസ് രാമചന്ദ്രന്‍ മുന്നോട്ടു വച്ചിട്ടുണ്ട്. മറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ സാധാരണ നിരക്കില്‍ യാത്ര ചെയ്യട്ടെയെന്നതാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും അതില്‍ ബിപിഎല്ലുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ കമ്മിഷന്റെ ശിപാര്‍ശകളോട് സര്‍ക്കാര്‍ എന്തു സമീപനം കൈക്കൊള്ളുമെന്നത് നിര്‍ണായകമാണ്. മുഖ്യമന്ത്രി വന്ന ശേഷമേ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് പരിഗണിക്കുകയുള്ളു. അതേ സമയം അനാരോഗ്യം കാരണം ഓട്ടോ ടാക്‌സി നിരക്ക് നിശ്ചയിക്കുന്ന റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ അറിയിച്ചു.