ഡബ്ല്യു.സി.എസ് പട്ടയഭൂമിയില്‍ നിര്‍മ്മാണത്തിന് സമീപിച്ച 2 പേരുടെ അപേക്ഷകള്‍ നിരസിച്ച നെന്മേനി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡബ്ല്യുസിഎസ് പട്ടയഭൂമികളിലെ നിര്‍മ്മാണം ഹൈക്കോടതി നിരോധിച്ചുവെന്ന കാരണം പറഞ്ഞ് രണ്ട് പേരുടെ നിര്‍മ്മാണ അനുമതി നിഷേധിച്ച നെന്‍മേനി പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് പുന:പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കൊന്നച്ചാല്‍, ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ നല്‍കിയ ഹര്‍ജി പരിഹണിച്ചാണ് കോടതി നിര്‍ദേശം. ഡബ്ല്യുസിഎസ് പട്ടയഭൂമികളില്‍ കെട്ടിട നിര്‍മ്മാണം പാടില്ലെന്ന് പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും വാദം കേട്ടശേഷമാണ് കോടതി പഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ തള്ളിയ നടപടി റദ്ദ് ചെയ്യുകയും, അപേക്ഷകള്‍ വീണ്ടും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടത്.
നിര്‍മ്മാണ നിരോധനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം എല്‍എ പട്ടയങ്ങള്‍ക്ക് മാത്രമാണ് ബാധകമെന്നിരിക്കെ 1943ല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം വയനാട് കോളനൈസേഷന്‍ സ്‌കീം പ്രകാരം നല്‍കിയ പട്ടയങ്ങളിലെ നിര്‍മ്മാണവും ഡബ്ല്യുസിഎസ്, ഡികെ പട്ടയങ്ങളിലടക്കമുള്ള നിര്‍മ്മാണത്തിനും അനുമതി നിഷേധിക്കുകയാണ്. ഈ നടപടിക്കാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ തന്നെ നിരീക്ഷണത്തെതുടര്‍ന്ന് മാറ്റം വന്നിരിക്കുന്നത്. എന്തായാലും കോടതി നടപടി പട്ടയഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി കാത്തിരിക്കുന്നവര്‍ക്ക് പ്രതിക്ഷയേകുന്നതാണ്.