യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളില്‍ ഒന്നാണ് എടയ്ക്കല്‍ ഗുഹയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.എടയ്ക്കല്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശില്പശാലയും സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ഒന്നിലധികം ലോക പൈതൃക സ്ഥാനങ്ങള്‍ ഉണ്ടെന്നിരിക്കെ പൈതൃക സമ്പത്തുകൊണ്ട് സമ്പന്നമായ കേരളത്തില്‍ നിന്ന് ഒന്നു പോലും പട്ടികയിലില്ല എന്നത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് യുനെസ്‌കോ നിര്‍ദേശിച്ച സാര്‍വലൗകിക മൂല്യം എടയ്ക്കലിന് ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുനെസ്‌കോ നിഷ്‌കര്‍ഷിച്ചിട്ടുള്ള 10 മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിക്കപ്പെട്ടാല്‍ അതിന് പൈതൃക പദവിക്ക് അര്‍ഹത ഉണ്ടെന്നിരിക്കെ ഒന്നിലധികം മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിക്കപ്പെട്ടിട്ടുള്ള എടയ്ക്കലിന് പൈതൃക പദവി ലഭിക്കുമെന്നതില്‍ സംശയമില്ല.
ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എടക്കല്‍ ചിത്രങ്ങള്‍ ഏറെ സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്. മഴവെള്ളം ഒലിച്ചിറങ്ങി ചിത്രങ്ങള്‍ക്ക് തേയ്മാനം സംഭവിക്കുന്നുണ്ട്. പായലും പൂപ്പലും വളര്‍ന്ന് പാറയുടെ രാസഘടന തന്നെ മാറിപ്പോകുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. മറ്റൊരു ഭീഷണി സമീപത്തുള്ള ക്വാറികള്‍ ഉയര്‍ത്തുന്നതാണ്.എടക്കലിനു ചുറ്റും നടന്നുവരുന്ന അതിവേഗമുള്ള നഗരവല്‍ക്കരണവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,ടൂറിസം- പുരാവസ്തു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ ഓണ്‍ലൈനായി ശില്പശാലയില്‍ സംസാരിച്ചു. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.എം.ആര്‍. രാഘവവാര്യര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, പുരാവസ്തു സംരക്ഷണ ഓഫീസര്‍ എസ്. ജൈകുമാര്‍, മറ്റ് വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശില്പശാല നാളെ സമാപിക്കും.