വന്യമൃഗശല്ല്യത്തില്‍ പൊറുതിമുട്ടി പഴയ വൈത്തിരി ചാരിറ്റി,വട്ടപ്പാറ മുള്ളന്‍പാറ പ്രദേശവാസികള്‍.കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം.ആറു മണി കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ആയിരത്തോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.കഴിഞ്ഞദിവസവും കാട്ടാന എത്തി തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
മുള്ളന്‍പാറ, വട്ടപ്പാറ, ചാരിറ്റി, തളിപ്പുഴ അറമല, പൂജോല, തളിമല, തൈയിലകുന്ന്, ലക്കിടി പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമാകുന്നത്.രാത്രിയാകുമ്പോള്‍ അഞ്ചും ആറും അടക്കമുള്ള കാട്ടാനക്കൂട്ടം കൂട്ടതോടെ പ്രദേശത്ത് ഇറങ്ങുകയാണ്. ഇതോടെ ആറുമണി ആയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.മേപ്പാടി മുതല്‍ ഒലിവുമല വരെയുള്ള നിലവിലെ ഫെന്‍സിംഗ് തകര്‍ന്നിരിക്കുകയാണ്.ഒലിവുമല മുതല്‍ തളിമല വരെ ഫെന്‍സിംഗ് പൂര്‍ത്തിയായാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.പ്രദേശത്ത് എത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥകാരെ അറിയിക്കുന്നുണ്ടെങ്കിലും ഇവര്‍ എത്താനും മണിക്കൂറുകളോളം കാത്തുനില്‍ക്കണമെന്നും ആരോപണമുണ്ട്.നിലവില്‍ പഴയ വൈത്തിരിയില്‍ ഔട്ട് പോസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മേപ്പാടി റേഞ്ചിലേക്ക് അനുവദിച്ച ഫോറസ്റ്റ് വാഹനം കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ ധനസഹായത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.