ഓര്‍മ്മശക്തികൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മൂന്നര വയസുകാരന്‍. സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് വെള്ളാരംകുന്നേല്‍ അനുപ് – ശാരി ദമ്പതികളുടെ മകന്‍ മാധവ് ആണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, കലാം വേള്‍ഡ് റെക്കോര്‍ഡും കരസ്ഥമാക്കിയിരിക്കുന്നത്. ലോകരാജ്യങ്ങള്‍, സംസ്ഥാനങ്ങളും – തലസ്ഥാന നഗരികളും, ഇന്ത്യന്‍ രാഷ്ടപതിമാരും അടക്കം 16 വ്യത്യസ്ത മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ ഈ പ്രായത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചാണ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.
നാല്‍പ്പത്തിയെട്ട് ഏഷ്യന്‍ രാജ്യങ്ങളുടെ പേരുകള്‍, ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേരുകളും അവയുടെ തലസ്ഥാന നഗരികളും, സംസ്ഥാനത്തെ പതിനാല് ജില്ലകള്‍, ഇന്ത്യന്‍ പ്രസിഡണ്ടുമാര്‍, ദേശീയ ചിഹ്നങ്ങള്‍, ഗ്രഹങ്ങളുടെ പേരുകള്‍, ശാസ്ത്രജ്ഞരുടെ പേരുകളുടെ അവരുടെ കണ്ടുപിടുത്തങ്ങളും, കടലുമായി ബന്ധപ്പെട്ടുള്ള അറിവുകള്‍ എല്ലാം നിമിഷംനേരം കൊണ്ട് ഓര്‍മ്മയില്‍ നിന്നും പറഞ്ഞാണ് മാധവ് എന്ന മൂന്നരവയസുകാരന്‍ അത്ഭുതമാകുന്നത്. ഈ ഓര്‍മ്മശക്തികൊണ്ട് മാധവ് നേടിയെടുത്തത് ഇന്ത്യന്‍ബൂക്ക് ഓഫ് റെക്കോര്‍ഡ് അപ്രിസിയേഷനും, കലാം വേള്‍ഡ് റെക്കോര്‍ഡ് ജീനിയസ് കിഡ് അപ്രിസിയേഷനുമാണ്.
ഒരു വയസുമുതല്‍ മാധവ് മറ്റുള്ളവര്‍ പറഞ്ഞതുകേള്‍ക്കുന്ന കാര്യങ്ങള്‍ പീന്നീട് ഓര്‍മ്മയില്‍ നിന്നും എടുത്തുപറയുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കഴിവ് രക്ഷിതാക്കള്‍ മനസിലാക്കുന്നത്. പിന്നീട് മാതാപിതാക്കള്‍ പൊതുവിജ്ഞാന സംബന്ധമായ കാര്യങ്ങള്‍ പരസ്പരം പറയുന്നത് കേട്ടാണ് മാധവ് ഇത്തരം ചോദ്യോത്തരങ്ങള്‍ പഠിച്ചുതുടങ്ങിയതെന്നും മാധവിന്റെ അമ്മ ശാരി പറഞ്ഞു. ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡ് അപ്രസിയേഷനും, കലാം വേള്‍ഡ് റെക്കോര്‍ച് ജീനിയസ് കിഡ് അപ്രിസിയേഷനും നേടിയ മാധവ് ഏഷ്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണ്.