വയനാട് ജില്ലയ്ക്ക് പുതിയ ഡാമുകള്‍ ആവശ്യമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമാന്‍തോട് തൊണ്ടാര്‍ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ച നടത്തുന്നുണ്ടെന്നും, ഇതിനാവശ്യം ജനങ്ങളുടെ സഹകരണമാണെന്നും മന്ത്രി.
സര്‍വ്വേ നടത്തി പ്രദേശത്തെ വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതുതരത്തിലുള്ള ഡാമാണ് അനുയോജ്യമായതെന്ന് കണ്ടെത്താനും, ജലനിരപ്പ് താഴ്ത്തി നിര്‍ത്തി, പരമാവധി വെള്ളം ശേഖരിക്കാനും, ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാകാതെ പദ്ധതി നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് നടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളിലും 2024 ആകുമ്പോഴേക്കും ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 3 എം എല്‍ എമാരും , ഇറിഗേഷന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.