സര്‍വകലാശാല പരീക്ഷ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

0

കൊവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം. ഇതിന് ഫയര്‍ഫോഴ്സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് അണുവിമുക്തമാക്കണം.

ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളില്‍ താമസം ഒരുക്കണം. ഹോസ്റ്റലുകള്‍ ഇതിന് മുമ്പ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ.

പ്രവേശന കവാടത്തില്‍ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാര്‍ത്ഥികള്‍, സ്‌ക്രൈബുകള്‍, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരേയും പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്‌ക്ക് ധരിക്കണം.

പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. പരീക്ഷാമുറികളില്‍ സാനിറ്റൈസര്‍ കരുതണം. ഇന്‍വിജിലേറ്റര്‍മാര്‍ മാസ്‌ക്കും ഗ്ളൗസും ധരിക്കണം. പേന, പെന്‍സില്‍ തുടങ്ങിയ വസ്തുക്കള്‍ കൈമാറ്റം ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പു രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രം വിട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.

പരീക്ഷ സുഗമമായി നടത്തുന്നതിന് സ്ഥാപന മേധാവി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, അധ്യാപക അനധ്യാപക പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃസമിതി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!