സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി നഗരസഭ, അദ്ധ്യാപകര്‍ , പി ടി എ ഭാരവാഹികള്‍, ഡയറ്റ് വയനാട്, ബി ആര്‍ സി ബത്തേരി, ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റ്, പോലീസ് ഡിപ്പാര്‍ട്ടമെന്റ് എന്നിവരുടെ സംയുക്ത ടീം കോളനികളില്‍ സന്ദര്‍ശനം നടത്തി. ആര്‍മാട്, വെള്ളായികുടി, പാംബ്രമൂല , താത്തൂര്‍ കോളനികളിലാണ് സന്ദര്‍ശനം നടത്തിയത്.
ചില കുട്ടികള്‍ സ്‌കൂളുകളില്‍ വരാതിരിക്കുന്നതിനു കാരണം കാപ്പി, അടക്ക വിളവെടുപ്പ് പോലുള്ള അപകടകരമായ തൊഴില്‍ മേഖലകളില്‍ ജോലിക്കു പോകുന്നതാണ് എന്ന് സംഘം കണ്ടെത്തി. ഇവര്‍ക്കു ജോലി നല്‍കുന്ന തൊഴില്‍ ഉടമയുടെ പേരിലും , തോട്ടം ഉടമയുടെ പേരിലും ബാലവേല നിരോധന നിയമം പ്രകാരം കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസിന്റെ നേതൃത്വത്തിലാണ് സംഘം കോളനികളില്‍ സന്ദര്‍ശനം നടത്തിയത്.