വിറപ്പിച്ച കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി; സമരം തുടര്‍ന്ന് യു.ഡി.എഫ്
സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു കുറുക്കന്മൂല കടുവാ വിഷയം. ഒരു മാസത്തോളമായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ കടുവക്കായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവെച്ചിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഉത്തരമേഖല വനം കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. അതേസമയം കടുവാ വിഷയത്തില്‍ യു.ഡി.എഫ് മാനന്തവാടിയില്‍ നടത്തുന്ന റിലേ സത്യാഗ്രഹം ഇന്നേക്ക് ഏഴാം ദിനത്തില്‍ എത്തിനില്‍ക്കുകയാണ്. കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് നിര്‍ത്തിയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സമരം ത്രിശങ്കുവിലായി.
ഒരു മാസത്തിനിടെ 17 വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കടിച്ചു കൊന്നത്. അതിനിടയിലാണ് കടുവയെ പിടികൂടണമെന്നും വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ആവശ്യപ്പെട്ടും യു.ഡി.എഫ് മാനന്തവാടിയില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചത്. ഇന്ന് നഗരസഭ കൗണ്‍സിലറും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ പി.എം. ബെന്നിയാണ് സത്യാഗ്രഹമിരിക്കുന്നത്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.വി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൗലോസ് മുട്ടം തൊടി അദ്ധ്യക്ഷനായി. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ.ആന്റണി മുഖ്യപ്രഭാഷണം നടത്തി.
എന്തായാലും കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കടുവ വളര്‍ത്തുമൃഗങ്ങളെയൊന്നും കൊല്ലാത്തതിനാലും അഞ്ച് കി.മീ ചുറ്റളവില്‍ സ്ഥാപിച്ച എഴുപത് ക്യാമറകളില്‍ ഈ സമയങ്ങളില്‍ ചിത്രം പതിയാതിരുന്നതും വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച അഞ്ച് കൂടുകളില്‍ കെണിയില്‍ വീഴാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ് വനംകുപ്പ്.