സ്ത്രീകളുടെ പദവി ഉയര്‍ത്തും; സര്‍ക്കാര്‍ സേവനങ്ങള്‍ വീടുകളിലെത്തും; 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍; മുഖ്യമന്ത്രി

0

സംസ്ഥാനത്ത് സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണ നല്‍കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപപ്പെടുത്തും. കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കും. 5 വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ ‘ഉല്‍പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. 2025ഓടെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹനെയും നിയമിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ദിനേശന്‍ പുത്തലത്ത് ആണ് പൊളിറ്റിക്കല്‍ സെക്രട്ടറി.

മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍;

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.

പാര്‍പ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.

ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍.

ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഒപ്പം ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി.

സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസ്സമുണ്ടാകാന്‍ പാടില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും.

ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.
അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!