ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്; ‘ജെയിംസ് വെബ്’ പ്രയാണം ആരംഭിച്ചു
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വര്‍ഷമാണ് ഇതിന്റെ കാലാവധി. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്നലെ ഇന്ത്യന്‍ സമയം വൈകീട്ട് 5.50ഓടെയാണ് ഏരിയന്‍-5 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ചരിത്രദൗത്യത്തില്‍ വഹിച്ചത് ലോകത്ത് ഇന്നേവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലിസ്‌കോപ്. 31 വര്‍ഷത്തോളം ലോകത്തിന് പ്രപഞ്ച രഹസ്യങ്ങള്‍ സമ്മാനിച്ച് വിടപറഞ്ഞ ഹബിള്‍സ്പേസ് ടെലിസ്‌കോപിന്റെ പിന്‍ഗാമിയായി അങ്ങനെ ജെയിംസ് വെബ് ബഹിരാകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. അതേസമയം, ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ജയിംസ് വെബിന്. പ്രപഞ്ചത്തിന്റെ തുടക്കകാലം വെളിപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം.
പതിമൂന്നര ബില്യണ്‍ വര്‍ഷം പിന്നിലേക്കാണ് നോക്കേണ്ടത്. അടുത്ത ഒരു പതിറ്റാണ്ട് കാലം സൗരയൂഥത്തിലെ ഒരോ ചെറുചലനവും വിടാതെ ഒപ്പിയെടുക്കുക എന്നതാണ് ജെയിംസ് വെബിന് മുന്‍പിലുള്ള വെല്ലുവിളി. നാസയും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും, കനേഡിയന്‍ സ്പേസ് ഏജന്‍സിയും സംയുക്തമായി തയ്യാറാക്കിയ ടെലിസ്‌കോപിന് പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ആകെ ചിലവായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുണ്ട് ഈ ഭീമന്‍ ടെലിസ്‌കോപിന്. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ വരെ സഞ്ചരിച്ച് വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.