ആനക്കാംപൊയില്‍ – കള്ളാടി- മേപ്പാടി തുരങ്കപാത; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

0

ആനക്കാംപൊയില്‍ – കള്ളാടി- മേപ്പാടി തുരങ്കപാത ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മേപ്പാടി കോട്ടപ്പടി വില്ലേജില്‍ വിവിധ സര്‍വ്വേ നമ്പറുകളിലായി 4.82 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇരട്ട തുരങ്കങ്ങളിലായി നാലുവരി പാതയാണ് പദ്ധതിയിലുള്ളത്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ചുമതല ജില്ലാ കളക്ടര്‍ക്കായിരിക്കും. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വേഗത കൈവരിക്കും.

പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ണാടകത്തില്‍ നിന്നും മലബാറിലേക്കുള്ള ചരക്കു നീക്കം സുഗമമാകുകയും കോഴിക്കോട് ജില്ലയിലെ മലയോരമേഖലയ്ക്ക് വികസനക്കുതിപ്പ് കൈവരികയും ചെയ്യും. ബെംഗളൂരുവില്‍ നിന്നും മലബാറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നത് വയനാട് വഴിയാണ്. ചുരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും മൂലം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ചുറ്റിവളഞ്ഞുള്ള മറ്റു വഴികള്‍ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഈ പ്രതിസന്ധി കൊണ്ട് തന്നെ ചരക്കു നീക്കത്തിന് ഏറ്റവും എളുപ്പമുള്ള ഈ വഴിയിലൂടെ വലിയ ചരക്കു ലോറികളുടെ ഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്. വയനാട് ചുരത്തിന് ബദല്‍പാത എന്നത് വയനാട്, കോഴിക്കോട് ജില്ലകളുടെ മാത്രമല്ല, മലബാര്‍ മേഖലയുടെ മുഴുവന്‍ ആവശ്യമാണ്. ഇതിനൊക്കെ പരിഹാരമായാണ് തുരങ്ക പാത ഒരുങ്ങുന്നത്.

കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല സര്‍ക്കാരുകളും മാറിമാറി വന്നിട്ടും ആവശ്യമായ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തി തുരങ്കപാത നിര്‍മ്മിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. 2016 ല്‍ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്. തുടര്‍ന്ന് 2017ലെ സംസ്ഥാന ബജറ്റില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 കോടി രൂപ വകയിരുത്തി.

തുരങ്കപാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കലും നിര്‍മ്മാണവും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ ഏല്‍പ്പിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളില്‍ ഉള്‍പ്പെടുത്തിയതോടെ പദ്ധതിക്ക് പുത്തന്‍ ഉണര്‍വും വേഗവും കൈവന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിര്‍മ്മാണപ്രവൃത്തി പൂരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!