മണിപ്പൂരിലെ ക്രൂരത മാതൃഫോറം പ്രതിഷേധിച്ചു
മണിപ്പൂരിലെ സ്ത്രീകളോടു കാണിച്ച ക്രൂരതയ്‌ക്കെതിരായി ബത്തേരി രൂപത മാതൃഫോറം ബത്തേരിയില്‍ സംഘടിപ്പിച്ച
ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അമ്മമാരും മാര്‍ ബസേലിയോസ് ടിടിസിയിലെ വിദ്യാര്‍ത്ഥികളും കന്യാസ്തീകളും വൈദികരും ബത്തേരി രൂപത അധ്യക്ഷനും ചേര്‍ന്ന് പ്രതിഷേധിച്ചു.
എം സി എം എഫ് രുപതാ ഡയറക്ടര്‍ ജോണ്‍ ചരുവിള ഐക്യദാര്‍ഢ്യ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. മണിപ്പൂരിലെ കലാപം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വരെ എത്തിച്ചേര്‍ന്നത് ഭാരതാംബയുടെ ഹൃദയത്തിലേറ്റ മുറിവാണെന്നും, നാളത്തെ തലമുറയ്ക്ക് ജന്മം നല്‍കേണ്ട സ്തീത്വത്തെ അപമാനിച്ച കിരാത പ്രവര്‍ത്തനത്തിനെതിരെ വേണ്ടരീതിയില്‍ നടപടിയെടുക്കാത്ത അധികാരികള്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു.
വൈവിധ്യമാര്‍ന്ന ഇന്ത്യ രാജ്യത്ത് ഇത്തരത്തില്‍ നിഷ്ഠൂരമായ ഒരു സംഭവം നടന്നതിലുള്ള ആത്മാര്‍ത്ഥമായ ഖേദവും പ്രതിഷേധവും അറിയിച്ച് കൊണ്ട് ബത്തേരി രൂപതാ അധ്യക്ഷന്‍, അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് തിരുമേനി ശക്തമായ ഭാഷയില്‍ അപലപിച്ചു. സ്ത്രീകളെ ദേവികളെ പോലെ കാണുന്ന ഒരു സംസ്‌കാരമായിരുന്നു ഇന്ത്യക്കുള്ളത്. എന്നാല്‍ ഇന്ന് 2023 ആയപ്പോഴേക്കും സ്ത്രീകളെ അപമാനിക്കുന്ന അവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു എന്നത് തികച്ചും അപലപനീയമാണ്. നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും നട്ടപ്പാതിരായ്ക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാനാകുമ്പോള്‍ മാത്രമാണ് ഇന്ത്യ സ്വതന്ത്ര്യം ആകുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകളെയും പിതാവ് അനുസ്മരിച്ചു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും വ്യക്തിത്വത്തെ മാനിക്കുവാനും ഏവരും ശ്രദ്ധിക്കണം എന്ന് മാര്‍ ബസേലിയോസ് ടിടിസി വിദ്യാര്‍ത്ഥി കുമാരി ദൃശ്യ അഭിപ്രായപ്പെട്ടു..
ആര്‍ഷഭാരതത്തിന് മണിപ്പൂര്‍ കലാപം അപമാനമായെന്നും, സംരക്ഷിക്കേണ്ടവര്‍ മൗനമായിരിക്കരുതെന്നും ബത്തേരി രൂപത മാതൃഫോറം പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ചെറിയാന്‍ പറഞ്ഞു.