കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതൽ
ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്
കമ്മീഷണര്‍ വി. ഭാസകരന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക. വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാമെന്നും കമ്മീഷണര്‍ പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പാണ് ക്രമീകരിക്കുന്നത്.
ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് വോട്ടെടുപ്പിന് തലേ ദിവസം വരെ പ്രതിദിനം ജില്ലാ കളക്ടര്‍മാര്‍ക്ക് (ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍) നല്‍കും. ലിസ്റ്റ് തയ്യാറാക്കുന്ന ദിവസം പോസിറ്റീവ് ആയി തുടരുന്നവരുടെയും ക്വാറന്‍റീനില്‍ ഉള്ളവരുടെയും വിവരമാണ് ഉള്‍പ്പെടുക. പിന്നീടുള്ള ഓരോ ദിവസത്തെയും അത്തരത്തിലുള്ള ലിസ്റ്റ് അതത് ദിവസം വൈകുന്നേരം മൂന്നിന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കും.
ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലേക്കുള്ള ആദ്യ ലിസ്റ്റ് നവംബര്‍ 29ന് തയ്യാറാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇതുവരെ ആകെ 24,621 പേരാണ് സ്പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടികയില്‍ വന്നത്.
ഡിസംബര്‍ 10ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബര്‍ ഒന്നിനും, ഡിസംബര്‍ 14ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഡിസംബര്‍ അഞ്ചിനുമാണ് ആദ്യ ലിസ്റ്റ് നല്‍കേണ്ടത്. ആരോഗ്യ വകുപ്പിന്‍റെ രേഖകളും വോട്ടര്‍ പട്ടികയും പരിശോധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള സ്പെഷ്യല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അവിടെ നിന്നും ശേഖരിക്കും. സ്വയം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ അവരുടെ വിവരങ്ങള്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്‍റീനില്‍ ഉള്ളവരെയും വേര്‍തിരിച്ചാണ് കാണിക്കുക. ക്വാറന്‍റീനില്‍ ഉള്ളവരുടെ
വിവരങ്ങള്‍ ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയവരുടെ വിവരം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമുള്ളതിനാല്‍ അത്തരത്തില്‍ പ്രസിദ്ധീകരിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കുന്നവരില്‍ അതേ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും മറ്റ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തവരുമുണ്ടാകും. സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭിച്ചാലുടന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം. മറ്റ് ജില്ലകളിലെ വോട്ടര്‍മാരുടെ വിവരം അതാത് ജില്ലാ കളക്ടമാര്‍ക്കും തുടര്‍ നടപടിയ്ക്കായി ഉടന്‍തന്നെ കൈമാറണം. വരണാധികാരികള്‍ക്ക് ലിസ്റ്റ് ലഭിച്ചാലുടന്‍തന്നെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലും ഒന്നോ അതിലധികമോ വാര്‍ഡുകള്‍ക്കായി ഒരു സ്പെഷ്യല്‍ പോളിംഗ് ടീമിനെ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിയമിക്കും. സംഘത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമാനമായ ഒരു പോളിംഗ് ഓഫീസറും അദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസ്സിസ്റ്റന്‍റുമുണ്ടാകും. കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും ഉണ്ടായിരിക്കും.
പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെ എസ്.എം.എസ്സിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിക്കും. വോട്ടര്‍മാര്‍ക്കുള്ള അപേക്ഷാ ഫോറം (ഫോറം ബി) സത്യപ്രസ്താവനാ ഫോറം ബാലറ്റ് പേപ്പര്‍, കവറുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയും സ്പെഷ്യല്‍ വോട്ടര്‍ താമസിക്കുന്ന സ്ഥലത്ത് ലഭ്യമാക്കും. വോട്ടര്‍ അപേക്ഷാ ഫോറവും സത്യപ്രസ്താവനയും പൂരിപ്പിച്ച് നല്‍കണം. വോട്ടറുടെ സത്യപ്രസ്താവന പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ പേന ഉപയോഗിച്ച് ക്രോസ് അല്ലെങ്കില്‍ ടിക്മാര്‍ക്ക് രേഖപ്പെടുത്തി വോട്ട് ചെയ്യണം. വോട്ട് ചെയ്തശേഷം ബാലറ്റ്പേപ്പര്‍ മടക്കി ചെറിയ കവറിലിട്ട് ഒട്ടിച്ചതിന് ശേഷം ആ കവറും ഡിക്ലറേഷനും അതോടൊപ്പം നല്‍കിയ വലിയ കവറിലിട്ട് സീല്‍ ചെയ്യണം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ തലത്തിലുള്ള ബാലറ്റും ഡിക്ലറേഷനും പ്രത്യേകം കവറില്‍ ഇടണം. അത്തരത്തില്‍ സീല്‍ ചെയ്ത കവറുകള്‍ പോളിംഗ് ടീമിനെ ഏല്‍പ്പിക്കണം. വോട്ടര്‍ക്ക് അവ തപാലിലൂടെയോ ആള്‍വശമോ വരണാധികാരിക്ക ലഭ്യമാക്കുകയും ചെയ്യാം. പോളിംഗ് ഓഫീസറെ ഏല്‍പ്പിക്കുന്നവര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രദേശത്തും ആവശ്യമുള്ള ബാലറ്റ് പേപ്പറുകളുടെ എണ്ണം അതാത് വരണാധികാരികളാണ് നിശ്ചയിക്കുക. മറ്റ് ജില്ലകളിലെ വോട്ടര്‍മാരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വരണാധികാരികള്‍ക്ക് കൈമാറണം. വരണാധികാരികള്‍ വോട്ടര്‍മാര്‍ക്കുള്ള ബാലറ്റ് പേപ്പര്‍, സത്യപ്രസ്താവന ഫോറം, അപേക്ഷ ഫോറം, കവറുകള്‍ തുടങ്ങിയവ വോട്ടറുടെ ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ച് കൊടുക്കും. പൂരിപ്പിച്ച അപേക്ഷയും ഗസറ്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വോട്ട് ചെയ്ത ബാലറ്റും കവറുകളിലാക്കി തപാല്‍ മുഖേനയോ ആള്‍വശമോ വരണാധികാരിക്ക് തിരികെ അയച്ചുകൊടുക്കണം.
ഡെസിഗ്നേറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പട്ടികലുള്ള വോട്ടര്‍ക്ക് തപാല്‍ ബാലറ്റിനായി നിശ്ചിത ഫോറത്തില്‍ നേരിട്ടും അപേക്ഷിക്കാം. വരണാധികാരി അവ പരിശോധിച്ച് ഡിക്ലറേഷന്‍ ഫോറവും, ബാലറ്റും കവറുകളും വോട്ടറുടെ മേല്‍വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു കൊടുക്കും. അത്തരത്തില്‍ ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷന്‍ ഗസറ്റ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി തപാല്‍ മുഖേനയോ നേരിട്ടോ വരണാധികാരിക്ക് നല്‍കാം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സ്പെഷ്യല്‍ വോട്ടര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസറോ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സാക്ഷ്യപത്രം (ഫോറം 16 സി) സഹിതം നേരിട്ട് അപേക്ഷിക്കണം. അത്തരം സന്ദര്‍ഭത്തിലും ബാലറ്റ് അയച്ചുകൊടുക്കേണ്ടതും സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷനും ബാലറ്റും തിരികെ കൊടുക്കേണ്ടതുമാണ്.
വോട്ടെടുപ്പിന്‍റെ തലേദിവസം വൈകുന്നേരം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് ഡി.എച്ച്.ഒ.യുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വോട്ടെടുപ്പിന്‍റെ അവസാന സമയത്ത് ക്യൂവിലെ എല്ലാവരും വോട്ട് ചെയ്ത ശേഷം മാത്രമാണ് അവര്‍ക്ക് അവസരം നല്‍കുക. പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ കോവിഡ് നിയന്ത്രണത്തോടെ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.
സ്പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ല
കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്‍റെ ചെലവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണര്‍ അറിയിച്ചു.