കാട്ടാനകളെ ഇനി തേനീച്ചകള്‍ തുരത്തും

0

ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകള്‍ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയ ‘ആനക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളില്‍ ഉടനെ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ജനവാസകേന്ദ്രങ്ങളുടെ അതിര്‍ത്തിയില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്.നാഗര്‍ഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നാലിടങ്ങളില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചാണ് പദ്ധതി പരീക്ഷിച്ചത്. തേനീച്ചകളുടെ മൂളല്‍ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയില്‍ കണ്ടെത്തിയത്.

ആനകളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞമാസം കുടകില്‍ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
തേനീച്ചകള്‍ കണ്ണിലും തുമ്പിക്കൈയുടെ ഉള്‍ഭാഗത്തും കുത്തുമെന്ന ഭയം ആനകള്‍ക്കുണ്ട്. തേനീച്ചക്കൂടുകള്‍ സ്ഥാപിച്ച പ്രദേശങ്ങളിലൊന്നും ആനകള്‍ കൃഷി നശിപ്പിച്ചില്ല. ഈ പദ്ധതി ആദിവാസി മേഖലകളിലും മറ്റിടങ്ങളിലും നടപ്പാക്കുകയാണെങ്കില്‍ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാനാവുമെന്ന് ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ അധ്യക്ഷന്‍ വിനയ് കുമാര്‍ സക്‌സേന പറഞ്ഞു.പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചതിനുശേഷം മാര്‍ച്ച് ഒന്നുമുതല്‍ ഒമ്പതുവരെ ദിവസവും ആനകള്‍ വന്നുവെങ്കിലും ജനവാസകേന്ദ്രങ്ങളില്‍ കടന്നില്ല.

മാര്‍ച്ച് 10 മുതല്‍ 15 വരെ ആനകള്‍ വന്നതേയില്ല. 16ന് ആനകളുടെ സഞ്ചാരമുണ്ടായി. പക്ഷേ, ജനവാസകേന്ദ്രങ്ങളിലേക്ക് കയറിയില്ല. 17 മുതല്‍ 25 വരെയുള്ള സമയത്തും ആനകള്‍ വന്നില്ല. 26ന് ആനകള്‍ വന്നെങ്കിലും തേനീച്ചക്കൂടുകള്‍ കണ്ടയുടന്‍ സ്ഥലംവിട്ടു. 27 മുതല്‍ 29 വരെ ആനകള്‍ വന്നില്ല. 30ന് ആനകള്‍ വന്നെങ്കിലും തേനീച്ചകളുടെ സാന്നിധ്യം മനസ്സിലാക്കി ഉടന്‍ തിരിച്ചുപോയെന്നും കണ്ടെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!