എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തിരച്ചില്‍.

0

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തിരച്ചില്‍.എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തിരച്ചില്‍ നടന്നത്.ഇന്ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തിരച്ചില്‍.ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തിരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു.ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തിരച്ചില്‍ തുടങ്ങിയത്.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം,മുണ്ടക്കൈ ടൗണ്‍ഭാഗം,ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ സേതുരാമന്‍ തെരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരച്ചലില്‍ പങ്കാളികളായി. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് മുന്നേറുന്നത്.

അരിച്ചുപെറുക്കി ജനകീയ ദൗത്യസംഘം

ജനകീയ തെരച്ചിലില്‍ ആറ് വിഭാഗങ്ങളിലായുള്ള സംഘം പ്രധാനയിടങ്ങളെല്ലാം അരിച്ചുപെറുക്കി. ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.അജ്മല്‍ സാജിത്ത്, സി.കെ.നൂറുദ്ദീന്‍, ബീന സുരേഷ്, റംല ഹംസ, എം.എം.ജിതിന്‍, രാധാമണി, വി.രാധ തുടങ്ങിയവരും ജനകീയ തെരച്ചിലില്‍ പങ്കാളികളായി. . എന്‍.ഡി.ആര്‍.എഫ് 120, കേരള പോലീസ് കെ 9 സ്‌ക്വോഡ്, ഫയര്‍ ഫോഴ്സ് 530 അംഗങ്ങള്‍, 45 വനപാലകര്‍, എസ്.ഒ.എസിലെ 61 പേര്‍, ആര്‍മി എം.ഇ.ജി വിഭാഗത്തിലെ 23 അംഗങ്ങള്‍, ഐ.ആര്.ബി യിലെ 14 അംഗങ്ങള്‍, ഒഡീഷ പോലീസ് ഡോഗ് സ്‌ക്വോഡ്, കേരള പോലീസിലെ 780 അംഗങ്ങള്‍ റവന്യവകുപ്പിന്റെ ആറ് ടീമുകളിലായുള്ള 50 അംഗങ്ങള്‍, 48 ടീമുകളിലായി 864 വളണ്ടിയര്‍മാര്‍, 54 ഹിറ്റാച്ചികള്‍, 7 ജെ.സി.ബി കള്‍ എന്നിങ്ങനെ വിപുലമായ സന്നാഹവുമായാണ് തെരച്ചില്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.

വനമേഖലയില്‍ വനം വകുപ്പിന്റെ തെരച്ചില്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടി വനം വകുപ്പ് കാടിനുള്ളിലെ പരപ്പന്‍പാറയിലും കലക്കന്‍ പുഴയിലും പരിശോധന നടത്തി. എ.സി.എഫ് എം.കെ.രഞ്ജിത്തിന്റെയും റെയിഞ്ച് ഓഫീസര്‍ കെ.ഹാഷിഫിന്റെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍. അതിദുഷ്‌കരമായ കാട്ടുപാതകള്‍ താണ്ടി പുഴയോരത്ത് കൂടിയായിരുന്നു തെരച്ചില്‍. ഹെലികോപ്റ്റര്‍ വഴി തുരുത്തുകളില്‍ ഇറങ്ങി ഇവിടെയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് താഴ്ന്ന് പറക്കാന്‍ കഴിയാതെ വന്നതോടെ നിരവധി ദൂരം കാടിനകത്തു കൂടി നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചെത്തിയത്. പുഞ്ചിരിമട്ടത്ത് നിന്നും കിലോമീറ്ററുകള്‍ പിന്നിട്ടാണ് ചാലിപ്പുഴ മലപ്പുറം ജില്ലയിലെ ചാലിയാറില്‍ പതിക്കുന്നത്. വനത്തിനുള്ളിലെ സണ്‍റൈസ് വാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വനപാലകരും ഇതര സേനകളുമടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘം പരിശോധന നടത്തിയിരുന്നു. കലക്കന്‍ പുഴമുതല്‍ കോളിച്ചുവട് വരെ രണ്ടര കിലോമീറ്റര്‍ ദൂരമാണ് തെരച്ചില്‍ പൂര്‍ത്തിയാക്കിയത്. എ.പി.സി.സി.എഫ് ജസ്റ്റിന്‍മോഹന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് ദീപ, നോര്‍ത്തേണ്‍ ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി തുടങ്ങിയ ഉദ്യാഗസ്ഥരാണ് വനം വകുപ്പിന്റെ തെരച്ചില്‍ ഏകോപിപ്പിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!