ആരോഗ്യവും വിനോദവും ലക്ഷ്യം: മുണ്ടേരിയില്‍ പാര്‍ക്കും ഓപ്പണ്‍ ജിംനേഷ്യവും വരുന്നു

0

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ മുണ്ടേരിയില്‍ ഓപ്പണ്‍ ജിംനേഷ്യവും പാര്‍ക്കും നിര്‍മ്മിക്കുന്നു. നഗരസഭയുടെ കൈവശമുള്ള എഴുപത് സെന്റ് സ്ഥലത്താണ് മുപ്പത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം നടത്തുക. ജനങ്ങളുടെ ആരോഗ്യവും വിനോദവും പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 25 ലക്ഷം രൂപ പാര്‍ക്കിനും 10 ലക്ഷം രൂപ ഓപ്പണ്‍ ജിംനേഷ്യത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും പദ്ധതിക്ക് ലഭിച്ചതോടെ കരാര്‍ നടപടികളും പൂര്‍ത്തിയായിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

പാര്‍ക്കും ജിംനേഷ്യവും ഒപ്പം അടിസ്ഥാന സൗകര്യങ്ങളും സംവിധാനിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂത്രപുര, കുടിവെള്ളം, സൗകര്യം ഉറപ്പാക്കും. കഫ്റ്റീരിയ, ഐസ്‌ക്രീം കോര്‍ണര്‍ എന്നിവ സ്ഥാപിക്കും. വെളിച്ചത്തോടൊപ്പം ശുചിത്വത്തിനും പ്രത്യേക പരിഗണന ഉണ്ടായിരിക്കും. ഏത് പ്രായക്കാര്‍ക്കും വ്യായാമത്തിന് ഉതകുന്ന സൗകര്യങ്ങളും ഓപ്പണ്‍ ജിംനേഷ്യത്തില്‍ സ്ഥാപിക്കുന്നതാണ്. പ്രഭാത സവാരിക്കാര്‍ക്കും പ്രത്യേക സൗകര്യമുണ്ടാവും.
34 വര്‍ഷം മുമ്പ് മുണ്ടേരിയിലെ പാര്‍ക്കിന് തറക്കല്ലിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. മുനിസിപ്പാലിറ്റിയിലെ ഏക പാര്‍ക്കായിട്ടും ജനങ്ങള്‍ക്ക് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവാണ് പ്രത്യേക പരിഗണന നല്‍കി പദ്ധതി നടപ്പാക്കുന്നത്.

കല്‍പ്പറ്റക്കാരുടെ ഏറെക്കാലത്തെ പാര്‍ക്ക് വേണമെന്ന ആഗ്രഹമാണിപ്പോള്‍ സഫലമാവുന്നത്.
35 ലക്ഷം രൂപ ചെലവില്‍ മുണ്ടേരിയില്‍ സ്ഥാപിക്കുന്ന പാര്‍ക്കിന്റെയും ഓപ്പണ്‍ ജിംനേഷ്യത്തിന്റെയും നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആദ്യവാരം നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!