വന്യ മൃഗങ്ങളുടെ അക്രമണം: നഷ്ടപരിഹാരം സംസ്ഥാനം നല്‍കണം; മരണപ്പെട്ടാല്‍ 10 ലക്ഷം

0

വന്യ മൃഗങ്ങളുടെ അക്രമണം ബാധിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ  അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എം കെ രാഘവന്‍ എം പി പാര്‍ലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ നിയമപ്രകാരം വന്യ മൃഗങ്ങളുടെ അക്രമണത്താല്‍ ജീവന്‍ നഷ്ടമാവുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, വനാതിര്‍ത്തിക്ക് പുറത്ത് പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് 2 ലക്ഷവും, അക്രമണങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, വിളകളുടെ നാശനഷ്ടങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2018-21 കാലയളവില്‍ വന്യമൃഗങ്ങളുടെ അക്രമണത്താല്‍ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും, ജീവന്‍ നഷ്ടമായവര്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരമായി കേരളത്തില്‍ ആകെ 30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ഇക്കാലയളവില്‍ ലഭ്യമായ 39342 അപേക്ഷകളില്‍ 22833 അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ വിളകളുടെ നാശനഷ്ടത്തിന് നഷ്ടപരിഹാരമായി മാത്രം 14.68 കോടി രൂപ കേരളത്തിലാകെ വിതരണം ചെയ്തിട്ടുണ്ടെന്നും എം.പിക്ക് മന്ത്രാലയം മറുപടി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!