വയനാട് റൂസ കോളേജ് വീണ്ടും പ്രതീക്ഷ
മാനന്തവാടിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിടല്‍ നിര്‍വ്വഹിച്ച മോഡല്‍ ഡിഗ്രി കോളേജ് വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ. കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത രാഷ്ട്രീയ് ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) ഫണ്ട് വിഹിതം വൈകുന്നതിലെ തടസ്സം നീക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. അനുകൂലമായി ഇടപെടാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സംസ്ഥാന ആവശ്യപ്രകാരം, രണ്ടാംഘട്ട റൂസ പദ്ധതിയില്‍ കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടുള്ളതാണ് വയനാട്ടില്‍ ഒരു മോഡല്‍ ഡിഗ്രി കോളേജിന്.
2018ല്‍ പദ്ധതി അംഗീകാര ബോര്‍ഡ് (പിഎബി) യോഗം അതിന് അനുമതിയും നല്‍കി. അതേ വര്‍ഷംതന്നെ, മാനവവിഭവശേഷി മന്ത്രാലയ തീരുമാനപ്രകാരമാണ് കോളേജ് മാനന്തവാടിയില്‍ ആകാമെന്ന് നിശ്ചയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ തുടര്‍നടപടികള്‍ അതിവേഗം നീക്കി. മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജില്‍ നാല് ഹെക്ടര്‍ (4.04686) ഭൂമി ഏറ്റെടുത്ത് കോളേജാവശ്യത്തിനു കൈമാറി. നാല് ബിരുദ കോഴ്സുകള്‍ക്കും നാല് അധ്യാപക തസ്തികകള്‍ക്കും പത്ത് അനധ്യാപകതസ്തികകള്‍ക്കും പ്രാരംഭമെന്ന നിലയ്ക്ക് അനുമതി നല്‍കി. നടപടികള്‍ വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചു.
ഇത്രയും പശ്ചാത്തലത്തിലാണ് കോളേജിനുള്ള തറക്കല്ലിടല്‍ പ്രവൃത്തി നിര്‍വ്വഹിക്കപ്പെട്ടത്. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് ടെന്‍ഡര്‍ നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞതാണ്. ഇത്രയും കാര്യങ്ങള്‍ വിശദമായിത്തന്നെ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തിന് മൂന്നാംഘട്ട റൂസയ്ക്കുള്ള അനുമതി ലഭിക്കാത്തതുകൊണ്ടുള്ള പ്രായോഗികപ്രയാസങ്ങളും അറിയിച്ചു. സ്വയംഭരണപദവി നിര്‍ബന്ധമാക്കാതെ, 3.5 നാക് ഗ്രേഡ് ലഭിച്ച കോളേജുകള്‍ക്കെല്ലാം റൂസ ഫണ്ട് ലഭ്യമാക്കാന്‍ പാകത്തില്‍ നടപടിക്രമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വളരെ അനുഭാവപൂര്‍വ്വമാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ എല്ലാം കേട്ടതും പ്രതികരിച്ചതും.നല്ല തീരുമാനങ്ങള്‍ വൈകാതെ ഉണ്ടാകുമെന്നുതന്നെയാണെന്ന് സംസ്ഥാന ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു.