ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി

0

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽവൽക്കരണം അനിവാര്യമാണെന്നും ഡിജിറ്റൽ വേർതിരിവുകൾ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

കോളേജുകളിൽ ഡിജിറ്റൽ പഠനം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഡിജികോൾ’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ സംസ്ഥാനത്തെ കോളേജുകൾക്ക് എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും കോവിഡ് സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് കോളേജ് അധ്യാപകർ സർഗപരമായ പ്രവർത്തനം കാഴ്ചവെച്ചുവെന്നും മന്ത്രി പറഞ്ഞു.

‘ഡിജികോൾ’ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 35 കോളേജുകൾക്ക് ഡിജിറ്റൽ പഠനത്തിനായി സൗജന്യ ക്ലൗഡ് സ്‌പേസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകി. അധ്യാപകർക്ക് വേണ്ട പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രാഫ. രാജൻ ഗുരുക്കൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ അംഗം ഡോ രാജൻ വർഗീസ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, റിസർച്ച് ഓഫീസർ ഡോ മനുലാൽ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!