ക്വാറികളുടെ അകലം: പഠനം തുടങ്ങി

0

ജനവാസ മേഖലകളില്‍ നിന്നു കരിങ്കല്‍ ക്വാറികള്‍ക്കു സുരക്ഷിത അകലം നിശ്ചയിക്കാന്‍ സംസ്ഥാനത്തു രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം തുടങ്ങി. തിരഞ്ഞെടുത്ത ക്വാറികളിലെ സ്‌ഫോടനത്തിന്റെ ആഘാതം പ്രത്യേകം പഠിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണിത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഏഴംഗ സമിതിയുടെ പഠനത്തിനു നേതൃത്വം നല്‍കുക.പ്രകമ്പനത്താല്‍ വിവിധ മണ്ണ് പ്രതലം, കെട്ടിടങ്ങള്‍, മനുഷ്യര്‍, വന്യജീവികള്‍ എന്നിവയ്ക്കുണ്ടാകുന്ന ആഘാതം വിശദമായി പഠിക്കാനാണു നിര്‍ദേശം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഹിയറിങ് നടത്തും.ഖനനവേളയിലെ വായുശബ്ദ മലിനീകരണത്താല്‍ ദുരിതം അനുഭവിക്കുന്നവരുടെ പരാതികള്‍ പരിഗണിച്ച്, കരിങ്കല്‍ ക്വാറികള്‍ സ്ഥാപിക്കുന്നതിനു കൂടുതല്‍ ദൂരം നിലനിര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് 2020 ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് ക്വാറികള്‍ക്കു സുരക്ഷിത അകലം എന്ന വിഷയത്തില്‍ വിദഗ്ധ പഠനത്തിനു സമിതിക്കു നിര്‍ദേശം നല്‍കിയത്.സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും, സ്‌ഫോടനം ഇല്ലാതെയുള്ള ഖനനത്തിന് 100 മീറ്ററും വീതം അകലം ജനവാസ മേഖലയില്‍ നിന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. കേരളത്തില്‍ ജനവാസ മേഖലയില്‍ (റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ) നിന്നു 100 മീറ്ററായിരുന്നു ക്വാറികള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ദൂരപരിധി. ഇ.പി.ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ അതു 50 മീറ്ററാക്കി കുറച്ചെങ്കിലും ഹരിത ട്രൈബ്യൂണല്‍ 2020 ല്‍ റദ്ദാക്കി.ദൂരപരിധി കുറച്ചപ്പോള്‍ 2500ല്‍പരം ക്വാറികള്‍ക്കു പുതുതായി ലൈസന്‍സ് നല്‍കിയത് ആരോപണത്തിന് ഇടയാക്കിയെങ്കിലും ക്വാറികള്‍ വ്യവസായമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ദൂരപരിധി കുറച്ച തീരുമാനം റദ്ദാക്കിയ ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സ് നല്‍കിയ ക്വാറികള്‍ അടച്ചുപൂട്ടേണ്ട നില ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതു വരെ കേരളത്തില്‍ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!