സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ക്കു തടയിടാന്‍ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളുടെയും ഓഡിറ്റ് റിപ്പോര്‍ട്ട് ആര്‍ക്കും പരിശോധിക്കാവുന്ന രീതിയില്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇതിനായി കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉടന്‍ നടപ്പാക്കും. ഇതിലെ പരാതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സഹകരണ വകുപ്പിന്റെ ഏത് ഓഫിസര്‍ക്കും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.
കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്തുവന്നതോടെ സഹകരണവകുപ്പ് പ്രതിരോധത്തിലായിരുന്നു. തുടര്‍ന്നു മന്ത്രി വി.എന്‍.വാസവനാണ് ഓഡിറ്റ് മോണിറ്ററിങ് സംവിധാനം നിര്‍ദേശിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ് 16,112 സംഘങ്ങള്‍.മിക്ക ബാങ്കുകളിലും വര്‍ഷംതോറും കൃത്യമായി ഓഡിറ്റിങ് നടക്കാറില്ല. നടന്നാല്‍ തന്നെ സഹകരണ റജിസ്ട്രാറുടെ ഓഫിസിലെത്തുന്ന പേജുകള്‍ നീണ്ട റിപ്പോര്‍ട്ട് ആരും പരിശോധിക്കാറുമില്ല.
ഇതുകൊണ്ടാണ് പല തട്ടിപ്പുകളും പുറത്തുവരാത്തത്. ഇനി എല്ലാ വര്‍ഷവും ഓഡിറ്റിങ് നിര്‍ബന്ധമാക്കുകയും ഈ രേഖകള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത് ആര്‍ക്കും പരിശോധിക്കാം. ബാങ്ക് നഷ്ടത്തിലാണോ ലാഭത്തിലാണോ, എത്രയാണ് ബാങ്കിലെ നിക്ഷേപം, വായ്പ എത്ര കൊടുത്തിട്ടുണ്ട്.എന്തൊക്കെ പദ്ധതികളാണ് ബാങ്ക് ചെയ്യുന്നത്, ചെലവ് ഏതൊക്കെ വിധത്തില്‍ എന്നതൊക്കെ കൃത്യമായി ഇതുവഴി നാട്ടുകാര്‍ക്കു കാണാം.