അപൂര്‍വ്വ രോഗം! ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു; പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ… 

0

ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളുടെ സാമ്പിളുകളിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കിടയിൽ വയറിളക്കവും, ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ നേത്യത്വത്തിൽ വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർത്ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.

രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യോ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വരെ രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ

. കൈകള്‍ ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് 20 സെക്കൻ്റ് നേരമെങ്കിലും നന്നായി കഴുകുക.

. കുടിവെള്ള സ്രോതസുകൾ, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

. തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

. കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!