പൂതാടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ റേഷന്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സിയുടെ പരാതികള്‍ അടിസ്ഥാന രഹിതമാണന്ന് റേഷന്‍ കട സംരക്ഷണ സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇ.ജെ.രഞ്ജിത്ത്, ടി.രാജീവ്, ഇ.എ.പ്രദീഷ്, പി.എന്‍.ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വനിതാ സംവരണ വിഭാഗത്തിന് അനുവദിച്ച റേഷന്‍ കട നിഷ്പക്ഷമായ പരിശോധനകള്‍ നടത്താതെയാണ് പുതിയ വ്യക്തിക്ക് ലൈസന്‍സ് കൊടുത്തത്.അപേക്ഷകരുടെ യോഗ്യതാ മാര്‍ക്ക് നല്‍കിയതില്‍, വിദ്യാഭ്യാസ യോഗ്യത, സെയില്‍സ് മാന്‍ പരിചയം എന്നീ കാര്യങ്ങളില്‍ അപേക്ഷകയായ നീതു ഇ.ആര്‍ ന് ലഭിക്കേണ്ട മാര്‍ക്കിന്റെ മുന്‍ഗണന നല്‍കാതെ രണ്ട് അപേക്ഷകള്‍ക്ക് തുല്യമാര്‍ക്ക് നല്‍കി അപേക്ഷകരില്‍ ഷീജാകുമാരിക്ക് വയസ്സിന്റെ പരിഗണന നല്‍കി അവരെ അംഗീകരിക്കുകയാണ് ചെയ്തത്.
രണ്ടാമത്തെ അപേക്ഷക അപേക്ഷയോടൊപ്പം നല്‍കിയ കെട്ടിട സൗകര്യങ്ങള്‍ നിലവില്‍ ഉള്ള റേഷന്‍ കട നടത്തി വരുന്ന കെട്ടിടം തന്നെയാണ്. റേഷന്‍ കടക്ക് ആവശ്യമായ എല്ലാ സൗകര്യവും കെട്ടിടത്തിനുണ്ട്, മണ്ണെണ്ണ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന റേഷന്‍ കട ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്, ഈ റേഷന്‍ കടയിലെ കാര്‍ഡുടമസ്ഥര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്താണ് ഈ കെട്ടിടം.കാലപ്പഴക്കമുള്ളതും സൗകര്യമില്ലാത്തതുമായ കെട്ടിടത്തില്‍ റേഷന്‍ കട തുടങ്ങാന്‍ വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചപ്പോള്‍ നാട്ടുകാരായ ഞങ്ങള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. നിലവില്‍ ഞങ്ങളുടെ പ്രദേശത്തുള്ള റേഷന്‍ കട വരുന്നതില്‍ നാട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ലന്നും ഇവര്‍ പറഞ്ഞു.