സുല്‍ത്താന്‍ ബത്തേരി: നാല് വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെയും മകന്റെയും ജീവിതം ദുരിതപൂര്‍ണ്ണം. കൂലിപ്പണിയെടുത്ത് പോലും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത ചെതലയം പുല്ലമല കാട്ടുനായ്ക്ക കോളനിയിലെ ഒരമ്മയുടെയും മകന്റെയും ജീവിത കഥയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വനത്തിനുസമീപത്തെ കോളനിയിലെത്തിയ കാട്ടാന ഇവരുടെ വീട് ആക്രമിച്ചു. ഈ സമയം ബഹളംവെച്ചു പുറത്തിറങ്ങിയ ലീലയെ കാട്ടാന പിടികൂടി വലിച്ചെറിഞ്ഞു. ഇതു കണ്ട രതിഷ് അമ്മയെ രക്ഷിക്കാനായി എത്തിയപ്പോഴാണ് കാട്ടാന രതിഷിനെയും ആക്രമിച്ചത്.
തുടര്‍ന്ന് കോളനിക്കാര്‍ ബഹളം വച്ചതോടെ കാട്ടാന കാട്ടിലേക്ക് ഉള്‍വലിഞ്ഞതിനാല്‍ ഇരുവര്‍ക്കുംജീവന്‍ തിരിച്ചുകിട്ടി. വലതു നെഞ്ചില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രതീഷിനെയും അമ്മയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തെ ചികിത്സക്ക് ശേഷമാണ് ഇരുവരും രണ്ടാം ജന്മത്തിലേക്ക് ചുവടുവച്ചത്. ഈ സമയം രതീഷിന് വനം വകുപ്പില്‍ തൊഴില്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു.
തുടര്‍ന്ന് വനംവകുപ്പില്‍ വാച്ചറായി പ്രവേശിപ്പിച്ചെങ്കിലും ആന ആക്രമണത്തെ തുടര്‍ന്നുള്ള ശാരിരിക പ്രശ്നങ്ങളാല്‍ ജോലി തുടരാനായില്ല. ഓഫിസുകളില്‍ മറ്റ് തൊഴില്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നിലവില്‍ കൂലിപ്പണി പോലും എടുത്തു ഉപജീവനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും. ഈ സാഹചര്യത്തില്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യമുയരുന്നത്.